കാസർകോട് ജില്ലയിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. പദ്ധതി ആരംഭിച്ചതിനുശേഷം വെറും 15 ദിവസത്തിനുള്ളിൽ ജില്ലയിലെ സ്ത്രീകൾ നടത്തിയത് 9.18 ലക്ഷം സൗജന്യ യാത്രകളാണ്.
ഇതിന്റെ ആകെ ടിക്കറ്റ് മൂല്യം 2.44 കോടി രൂപയോളം വരും. നിലവിൽ ജില്ലയിലെ കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി 126 ഓർഡിനറി ബസുകളിലാണ് ഈ സൗജന്യ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
പദ്ധതി നിലവിൽ വന്നതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനാന്തര സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതിനാൽ ഇത്തരം ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ചെറുവത്തൂർ, നീലേശ്വരം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് വിവിധ ഓഫിസുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്ന സ്ത്രീകൾ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് കെഎസ്ആർടിസിയെയാണ്. രാവിലെയും വൈകിട്ടും ചന്ദ്രഗിരിപ്പാലം വഴിയുള്ള സർവീസുകളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ വൻ തിരക്കാണ് ഉണ്ടാകുന്നത്.
കൂടാതെ മംഗളൂരു, സുള്ള്യ, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഓർഡിനറി സർവീസുകളിലും യാത്രക്കാരുടെ വലിയ ഒഴുക്കുണ്ട്. ഡിപ്പോ അടിസ്ഥാനത്തിലുള്ള കണക്കുകൾ കാസർകോട് ഡിപ്പോയിൽ നിന്ന് നിലവിൽ 72 ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
പദ്ധതി ആരംഭിച്ചതു മുതൽ 30 വരെ 5,38,944 സ്ത്രീകളാണ് ഈ ഡിപ്പോയിൽ മാത്രം സൗജന്യ യാത്ര നടത്തിയത്. ഇതിലൂടെ 1.53 കോടി രൂപയുടെ ടിക്കറ്റുകൾ വിതരണം ചെയ്തു.
അതേസമയം, കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നുള്ള 54 ബസുകളിലായി 3,79,656 സൗജന്യ ടിക്കറ്റുകൾ നൽകി. ഇതിന്റെ മൂല്യം 90.90 ലക്ഷം രൂപയാണ്.
പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല അതേസമയം, കെഎസ്ആർടിസി പദ്ധതിക്ക് പിന്നാലെ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. വരുമാന നഷ്ടം സഹിക്കാൻ കഴിയാതെ 15 സ്വകാര്യ ബസുകൾ ജി-ഫോം നൽകി സർവീസ് പൂർണ്ണമായും നിർത്തിവെച്ചു.
കോവിഡ് കാലത്തിന് മുൻപ് 550 ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 350 എണ്ണമായി കുറഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് തൊട്ടുപിന്നാലെയായും മുന്നിലായും ഓടുന്ന അൻപതോളം സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കി ഓടേണ്ട
അവസ്ഥയിലാണെന്ന് ഉടമകൾ വ്യക്തമാക്കുന്നു. കാസർകോട് – തലപ്പാടി, കാസർകോട് – കണ്ണൂർ, കളനാട് – കാഞ്ഞങ്ങാട്, കാസർകോട് – പയ്യന്നൂർ തുടങ്ങിയ റൂട്ടുകളിലാണ് പ്രതിസന്ധി രൂക്ഷം.
ബസുകൾ ഓടിക്കാതെ നിർത്തിയിട്ടാൽ കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ ഉടമകൾ ആശങ്കയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

