വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളെ മുൻനിർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ആക്സിയോസിന് (Axios) നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് വിവാദപരമായ നിരീക്ഷണം നടത്തിയത്.
സംസ്കാര ചടങ്ങുകൾക്കായി ഇറാനിലെ ഉന്നത നേതൃത്വം ഒന്നടങ്കം ഒത്തുചേർന്ന സാഹചര്യത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞത് ഇങ്ങനെ: ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്… നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’.
എന്നാൽ, അത്തരമൊരു നീക്കത്തിന് അമേരിക്ക മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഉന്നത നേതാക്കളെയും ഇല്ലാതാക്കിയാൽ പിന്നീട് ആണവ കരാർ സംബന്ധിച്ച ചർച്ചകൾക്ക് ഇറാനിൽ ആരും ബാക്കിയുണ്ടാകില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഖമേനിയുടെ വിയോഗത്തെ തുടർന്ന് ചടങ്ങുകളിൽ ജനം വികാരാധീനരാകുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇറാൻ ആണവ ചർച്ചകൾക്ക് താൽക്കാലികമായി തയ്യാറായിട്ടുണ്ടെന്നും, ദുഃഖാചരണ വേളയിൽ ഇരുപക്ഷവും ആക്രമണങ്ങൾ ഒഴിവാക്കാൻ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള ബന്ധത്തെക്കുറിച്ചും ട്രംപ് മനസ്സ് തുറന്നു. തങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളതെന്നും, എന്നാൽ ‘ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും’ ട്രംപ് പ്രസ്താവിച്ചു.
വൈറ്റ് ഹൗസിൽ വെച്ച് ഒരു കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഫെബ്രുവരി മാസത്തിൽ വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ വെച്ചാണ് അവസാനമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഇറാൻ, ലെബനൻ വിഷയങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്കിടയിലാണ് അടുത്ത കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. നാറ്റോ ഉച്ചകോടിക്ക് ശേഷം വരും ആഴ്ചകളിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

