ബഹിരാകാശ പരീക്ഷണങ്ങൾ കൂടുതൽ ലളിതവും ചെലവ് കുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുതിയ വിക്ഷേപണ വാഹനം വികസിപ്പിച്ചു. സബ്-ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ ഫോർ എക്സ്പെരിമെന്റ്സ് (SOLVE) എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന്റെ പ്രഥമ ഭൂതല പരീക്ഷണം വിജയകരമായി പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ജൂലൈ മൂന്നിന് രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരുന്നു പരീക്ഷണം നടന്നത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാന്റെ ഭാഗമായ പാരച്യൂട്ട് പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള വിവിധ ശാസ്ത്രീയ ദൗത്യങ്ങൾക്കായാണ് ഈ ചെറു റോക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബഹിരാകാശ പേടകങ്ങൾ ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിൽ സോൾവ് നിർണായക പങ്കുവഹിക്കും. വൻകിട
വിക്ഷേപണ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ സബ്-ഓർബിറ്റൽ തലത്തിലുള്ള പരീക്ഷണങ്ങൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ ഈ പുതിയ സംവിധാനത്തിലൂടെ ഐഎസ്ആർഒയ്ക്ക് സാധിക്കും. ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായതോടെ, റോക്കറ്റിന്റെ വരുംദിവസങ്ങളിലെ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആർഒ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

