തൊഴിലിടങ്ങളിലെ ജീവനക്കാരുടെ അന്തസ്സും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ‘ഓഫിസ് വെൽനെസ് പോളിസി’ നടപ്പിലാക്കണമെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എഐപിസി) ആവശ്യപ്പെട്ടു. എഐപിസി സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ, ഐടി വെർട്ടിക്കൽ കേരള സ്റ്റേറ്റ് ഹെഡ് ഫസലു റഹ്മാൻ, ഡെപ്യൂട്ടി സ്റ്റേറ്റ് ഹെഡ് ബിജു സുന്ദരൻ എന്നിവരാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്.
ഐടി മേഖലയുടെ വളർച്ചയ്ക്കും തൊഴിലുടമകൾക്കും ജീവനക്കാർക്കും ഗുണകരമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഈ നയം അനിവാര്യമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കോറോഹെൽത്ത് കമ്പനി മുൻകൂട്ടിയുള്ള മുന്നറിയിപ്പുകളോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ 800 ജീവനക്കാരെ പിരിച്ചുവിട്ട
സംഭവമാണ് ഇത്തരമൊരു ആവശ്യത്തിന് ആധാരം. ഈ വിഷയത്തിൽ എഐപിസി നേതാക്കൾ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, ഉമ തോമസ് എംഎൽഎ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനെത്തുടർന്ന് കമ്പനി പിരിച്ചുവിടൽ തീരുമാനം താൽക്കാലികമായി മരവിപ്പിക്കുകയും അടുത്തയാഴ്ച സർക്കാർ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലിടങ്ങളിലെ അമിത സമ്മർദത്തിനും ജീവനക്കാർ നേരിടുന്ന അനീതിക്കുമെതിരെ എഐപിസി കഴിഞ്ഞ ഒരു വർഷമായി ‘For Anna For All’ എന്ന പേരിൽ ക്യാംപെയ്ൻ നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായി തയാറാക്കിയ ഓഫിസ് വെൽനെസ് പോളിസിയുടെ കരട് സർക്കാരിന് സമർപ്പിച്ചിരുന്നു. മുൻപ് യുഡിഎഫ് സർക്കാർ ഈ നിർദേശം പരിഗണിക്കുകയും ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ബജറ്റിൽ ഇടംപിടിച്ച ഈ നയം കാലതാമസമില്ലാതെ പ്രാവർത്തികമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

