സംസ്ഥാനത്ത് മഴയുടെ തീവ്രത തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും, തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്കുള്ള നിർദേശങ്ങൾ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുന്നിൽ കണ്ട് മാറിത്താമസിക്കാൻ തയ്യാറെടുക്കണം. ദുരന്തസാധ്യതയുള്ളയിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തേണ്ടതും പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടതുമാണ്.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ റവന്യൂ അധികാരികളെയോ സമീപിക്കാവുന്നതാണ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ബലഹീനമായ മേൽക്കൂരകളിലും അടച്ചുറപ്പില്ലാത്ത വീടുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനുമുള്ള സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

