ഇന്ത്യയിലെ വീടുകളിലും സ്ഥാപനങ്ങളിലും അലസമായി കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ സ്വർണം സാമ്പത്തിക വിപണിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നൽകുന്നു. 2015-ൽ ആരംഭിക്കുകയും പിന്നീട് കഴിഞ്ഞ വർഷം പിൻവലിക്കുകയും ചെയ്ത ഗോൾഡ് മോണിറ്റൈസേഷൻ സ്കീം പരിഷ്കരിച്ചുകൊണ്ട് വീണ്ടും അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 ലക്ഷം കിലോ സ്വർണം ശേഖരിക്കാനാണ് ഈ പദ്ധതിയൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
മുൻപ് ബാങ്കുകൾ വഴി മാത്രമായിരുന്നു സ്വർണം നിക്ഷേപിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ ജ്വല്ലറികളെ കൂടി ഇതിന്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സ്വർണ ഇറക്കുമതിയും വിദേശനാണ്യ ശേഖരവും
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സ്വർണ ഇറക്കുമതിയിൽ അടുത്തിടെ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പകരമായി, രാജ്യത്തിനകത്തുള്ള സ്വർണശേഖരത്തെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ വിപണിയിലേക്ക് കൊണ്ടുവരണമെന്ന വ്യാപാരികളുടെ ദീർഘകാല ആവശ്യമാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്.
രാജ്യത്തെ സ്വർണശേഖരത്തിന്റെ അഞ്ച് ശതമാനം വിപണിയിലെത്തിക്കാൻ സാധിച്ചാൽ, പണലഭ്യതയിൽ 8.5 ലക്ഷം കോടി രൂപയുടെ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വീടുകളിലെ സ്വർണത്തിന്റെ അഞ്ച് ശതമാനം പുനരുപയോഗിക്കാൻ (റീസൈക്കിൾ) കഴിഞ്ഞാൽ സ്വർണ ഇറക്കുമതി പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത് 7240 കോടി ഡോളറാണ്. പദ്ധതിയുടെ മുൻകാല പശ്ചാത്തലം
10 ഗ്രാം മുതൽ മുകളിലോട്ടുള്ള തൂക്കത്തിൽ സ്വർണം നിക്ഷേപിക്കാൻ അനുവദിക്കുന്ന പദ്ധതിയായിരുന്നു ഇത്.
നിക്ഷേപകർക്ക് നിശ്ചിത കാലയളവിൽ പലിശ വരുമാനവും കാലാവധി പൂർത്തിയാകുമ്പോൾ സ്വർണമോ അല്ലെങ്കിൽ തത്തുല്യമായ വിപണി വിലയോ ലഭ്യമാക്കുന്ന രീതിയായിരുന്നു ഇത്. 2015-ൽ ഈ പദ്ധതി ആരംഭിച്ചെങ്കിലും, പത്തുവർഷത്തിനിടെ 38 ടൺ സ്വർണം മാത്രമാണ് ശേഖരിക്കാൻ സാധിച്ചത്.
സ്വർണവിലയിലുണ്ടായ കുതിച്ചുചാട്ടവും നിക്ഷേപകർക്ക് നൽകേണ്ടി വന്ന രണ്ട് ശതമാനം പലിശയും സർക്കാരിന് ബാധ്യതയായി മാറിയതോടെയാണ് കഴിഞ്ഞ വർഷം പദ്ധതി നിർത്തിവെച്ചത്. ഇത്തവണ കൂടുതൽ ആകർഷകമായ പലിശ നിരക്കോടെ പദ്ധതി നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

