ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി സംഘർഷങ്ങൾക്ക് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ ഭാഗമായി ബ്രെന്റ് ഫ്യൂച്ചേഴ്സ് ബാരലിന് 70 ഡോളറിൽ താഴെയും ഡബ്ല്യൂടിഐ 67 ഡോളറിനോട് അടുത്തുമുള്ള നിരക്കിലാണ് ഇന്നലെ ഇടപാടുകൾ നടന്നത്.
വിപണിയിലെ തൽസ്ഥിതി കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലും വില ഇടിയാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി നിലവിൽ യുദ്ധത്തിന് മുൻപുള്ള തോതിന്റെ 90 ശതമാനത്തോളം എത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം തന്നെ യുഎഇയിൽ നിന്നുള്ള കയറ്റുമതിയും പൂർവ്വ സ്ഥിതി കൈവരിച്ചിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി ഇപ്പോൾ ദിവസേന ഒരുകോടി ബാരൽ എണ്ണയാണ് ഗതാഗതം ചെയ്യുന്നത്.
സൗദി അറേബ്യ തങ്ങളുടെ പേർഷ്യൻ ഗൾഫിലെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള കയറ്റുമതി പുനരാരംഭിച്ചതോടെ, ഏഷ്യൻ വിപണിയിലെ ഉപയോക്താക്കൾക്ക് കൂടുതൽ ഇളവുകളോടെ എണ്ണ ലഭ്യമാക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ ബ്രെന്റ് ക്രൂഡ് നിരക്ക് കോവിഡ് കാലഘട്ടത്തിലെ വിലയേക്കാൾ താഴെയാണ്.
ഇറാൻ സംഘർഷം രൂക്ഷമായ സമയത്തുണ്ടായിരുന്ന ഉയർന്ന വിലയേക്കാൾ 40 ശതമാനം കുറവാണ് നിലവിലെ നിരക്ക്. ഇറക്കുമതിയിൽ വർധനവ് ഉണ്ടായതോടെ ഇന്ത്യയുടെ കൈവശമുള്ള എണ്ണശേഖരം ജൂണിൽ 10.4 കോടി ബാരലായി ഉയർന്നു.
ഏപ്രിലിൽ ഇത് 9.05 കോടി ബാരൽ മാത്രമായിരുന്നു. രാജ്യത്തിന്റെ പ്രതിദിന ആവശ്യമായ 50 ലക്ഷം ബാരൽ കണക്കാക്കുമ്പോൾ, നിലവിൽ 21 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഇന്ത്യയുടെ പക്കലുണ്ട്.
യുദ്ധം ആരംഭിച്ച ഫെബ്രുവരി അവസാനത്തോടെ 10.7 കോടി ബാരലായിരുന്ന രാജ്യത്തെ ക്രൂഡ് ഓയിൽ കരുതൽ ശേഖരം ഏപ്രിൽ അവസാനമായപ്പോഴേക്കും 9.05 കോടി ബാരലായി താഴ്ന്നെങ്കിലും, റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിച്ചതിനാൽ രാജ്യത്ത് ഇന്ധനക്ഷാമം നേരിട്ടില്ല. ഇന്ത്യയിൽ ജൂൺ മാസത്തിൽ പെട്രോൾ വിൽപനയിൽ 7 ശതമാനവും ഡീസൽ വിൽപനയിൽ 5.50 ശതമാനവും വർധനവുണ്ടായി.
മേയ് മാസത്തിൽ പെട്രോൾ വിൽപന 3.30 ശതമാനം ഉയർന്നിരുന്നു. ഇതേസമയം, എൽപിജി വിൽപന 16.7 ശതമാനവും വിമാന ഇന്ധന ഉപയോഗം 0.6 ശതമാനവും കുറഞ്ഞു.
ജൂൺ മാസത്തിൽ യാത്രാ വാഹനങ്ങളുടെ വിൽപനയിൽ 25 ശതമാനം വർധനവുണ്ടായത് ഇന്ധന ഉപഭോഗം കൂടാൻ കാരണമായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

