മുണ്ടൂർ – തൂത നാലുവരിപ്പാതയിൽ ഇന്നലെ ഉണ്ടായ വിവിധ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. പുലർച്ചെ മുതൽ വൈകുന്നേരം വരെ പാതയുടെ വിവിധ ഭാഗങ്ങളിലായി തുടർച്ചയായുണ്ടായ അപകടങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അടയ്ക്കാപുത്തൂർ അപകടം
ഇന്നലെ പുലർച്ചെ 5.45-ന് അടയ്ക്കാപുത്തൂർ സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു. നെല്ലായ എഴുവന്തല ചെമ്മൻകുഴി റഹ്മത്തങ്ങാടി കണ്ണീർപള്ളിയാലിൽ മുഹമ്മദ്കുട്ടി (61) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് ഡോക്ടറെ കാണാൻ പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂട്ടറിന് പിന്നിൽ, പാലക്കാട് ഭാഗത്തേക്ക് പാൽ കയറ്റി പോകുകയായിരുന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു. ഡിവൈഡറിനോട് ചേർത്ത് സ്കൂട്ടറിനു മേൽ ഇടിച്ച പിക്കപ് വാനിനടിയിൽപ്പെട്ട് മുഹമ്മദ്കുട്ടി തൽക്ഷണം മരിച്ചു.
ചെർപ്പുളശ്ശേരി പൊലീസും കോങ്ങാട് നിന്നുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹവും സ്കൂട്ടറും പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് ചെമ്മൻകുഴി ജുമാ മസ്ജിദ് കബർസ്ഥാനിൽ മൃതദേഹം കബറടക്കി.
പാത്തുമ്മക്കുട്ടി ആണ് ഭാര്യ. മക്കൾ: ഫൈസൽ (അബുദാബി), ആരിഫ, ഹാരിസ്.
തുടർ അപകടങ്ങൾ
അതേസമയം, തിരുവാഴിയോടിനും ചെർപ്പുളശ്ശേരിക്കുമിടയിൽ ഇന്നലെ മൂന്ന് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകിട്ട് 3.15-ന് തിരുവാഴിയോട് കനാൽ പാലത്തിനു സമീപം ബസും ഗ്യാസ് സിലിണ്ടറുമായി വന്ന വാനും കൂട്ടിയിടിച്ചു.
ചെർപ്പുളശ്ശേരിയിൽ നിന്നു മണ്ണാർക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ബസ് ആണ് മുന്നിലുണ്ടായിരുന്ന വാനിനെ ഇടിച്ചത്. ഈ സംഭവത്തിൽ ആർക്കും പരുക്കില്ല.
വൈകിട്ട് 4.30-ന് മാങ്ങോട് സെന്ററിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.
ഭാഗ്യവശാൽ കാർ ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇതിനു പുറമെ, പുഞ്ചപ്പാടത്ത് നിയന്ത്രണംവിട്ട
കാർ വൈദ്യുതത്തൂണിൽ ഇടിച്ചതിനെ തുടർന്ന് വൈദ്യുതലൈൻ താഴ്ന്നു. ഇതേത്തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
മഴക്കാലമായതോടെ പാതയിലെ അപകടങ്ങൾ വർധിക്കുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

