വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്ന പ്രഖ്യാപനങ്ങൾ നിലവിൽ കടലാസിൽ മാത്രമായി ഒതുങ്ങുന്നു. പദ്ധതിയിൽ നിന്നുള്ള നേരിട്ടുള്ള വരുമാനം ഖജനാവിലേക്ക് എത്താൻ 2034 വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് നിലവിലെ സ്ഥിതി.
തുറമുഖത്തോട് അനുബന്ധിച്ചുള്ള വ്യവസായ വികസനമാണ് സാമ്പത്തിക വളർച്ചയുടെ പ്രധാന സ്രോതസ്സായി സർക്കാർ കാണുന്നതെങ്കിലും, ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. പദ്ധതിക്കായി കിൻഫ്ര 300 ഏക്കറും വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) 700 ഏക്കറും കണ്ടെത്തിയതായി നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ, ഇതുവരെ ഒരു ഏക്കർ ഭൂമി പോലും ഏറ്റെടുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. വ്യവസായങ്ങൾക്കായി സ്ഥലം ലഭ്യമാകാത്തത് നിക്ഷേപകർക്ക് തിരിച്ചടിയായിട്ടുണ്ട്.
കിൻഫ്ര കണ്ടെത്തിയ ഭൂമിയിൽ 50 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള വില നിശ്ചയിക്കുന്ന ഫയൽ മാസങ്ങളായി ജില്ലാ കലക്ടറുടെ പരിഗണനയിലാണ്. മറുവശത്ത്, വിസിൽ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
തുറമുഖത്തെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ വരുമാനത്തിലെ അന്തരവും വ്യക്തമാണ്. ഇതുവരെ ട്രാൻസ്ഷിപ്മെന്റിനായി എത്തിയ ആയിരത്തിലധികം കപ്പലുകളിൽ നിന്നായി അദാനി പോർട്സ് 600 കോടി രൂപ വരുമാനം നേടിയപ്പോൾ, സംസ്ഥാന സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 80 കോടി രൂപയിൽ താഴെ മാത്രമാണ്.
ഇതിൽ ഭൂരിഭാഗവും തുറമുഖത്തേക്കാവശ്യമായ ക്രെയിനുകൾ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് ലഭിച്ചത്. പദ്ധതിയിൽ ഓഹരി പങ്കാളിത്തം ഇല്ലെങ്കിലും സാമ്പത്തിക ബാധ്യതയുടെ വലിയൊരു ഭാഗം വഹിക്കുന്നത് സംസ്ഥാനമാണ്.
ഇതുവരെ അദാനി 2454 കോടി രൂപ മുടക്കിയപ്പോൾ, സർക്കാർ ഇതിനോടകം 5595.34 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 3085 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു.
കേന്ദ്ര സർക്കാർ നൽകിയ 817 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയുണ്ട്. അതിനാൽ കേന്ദ്രത്തിന് ഈ പദ്ധതിയിൽ നേരിട്ടുള്ള സാമ്പത്തിക പങ്കാളിത്തമില്ല.
2034-ൽ പദ്ധതിയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന ആദ്യ വരുമാന വിഹിതമായ പ്രീമിയം വെറും 13 കോടി രൂപ മാത്രമായിരിക്കുമെന്നതും ആശങ്കയ്ക്ക് ഇടനൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

