മലബാറിലെ കായിക ഭൂപടത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മൊഗ്രാൽ സ്പോർട്സ് ക്ലബ് ശതാബ്ദി പിന്നിട്ട പാരമ്പര്യവുമായി ഇന്നും തലയുയർത്തി നിൽക്കുന്നു.
1920-ൽ അഹമ്മദ് മാസ്റ്റർ എന്ന ദീർഘദർശിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ക്ലബ്ബ് കേരളത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന ഏടാണ്. കാസർകോടിന്റെ മണ്ണിൽ ഫുട്ബോൾ ആവേശം വിതയ്ക്കുന്നതിൽ ക്ലബ്ബിന്റെ പങ്ക് വലുതാണ്.
കടൽ കടന്നെത്തിയ സീമാൻ മമ്മുഞ്ഞി ഒരു വിദേശയാത്രയ്ക്കിടെ കൊണ്ടുവന്ന ഫുട്ബോളാണ് മൊഗ്രാലിന്റെ കളിമുറ്റത്ത് ആദ്യമായി പന്തുരുളാൻ വഴിയൊരുക്കിയത്. ബ്രിട്ടീഷ് സൈന്യം കുമ്പളയിൽ തമ്പടിച്ചിരുന്ന കാലത്ത് നാരായണ നഗറിൽ വച്ച് അവർക്കെതിരെ നടത്തിയ പോരാട്ടവും, അവിടെ നിന്ന് സ്വന്തമാക്കിയ വിക്ടറി ഷീൽഡും ചരിത്രത്തിന്റെ ഭാഗമായി ഇന്നും നാട്ടുകാർ ഓർമ്മിക്കുന്നു.
ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റുകളിൽ എട്ടുതവണ ചാമ്പ്യന്മാരായ ചരിത്രം ഈ ക്ലബ്ബിനുണ്ട്. നാല് വർഷം മുൻപ് അന്തരിച്ച ആജീവനാന്ത മാനേജർ കുത്തിരുപ്പ് മുഹമ്മദിന്റെ സ്മരണകൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഇന്നും കരുത്തേകുന്നു.
ഫുട്ബോളിന് പുറമേ ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൻ തുടങ്ങിയ കായിക ഇനങ്ങളിലും ക്ലബ്ബ് സജീവ സാന്നിധ്യമാണ്. സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിനായി ബൂട്ടണിഞ്ഞ പ്രഫ.പി.സി.എം.കുഞ്ഞ്, മുഹമ്മദ് ഷഹാമത്ത്, അബൂബക്കർ ദിൽഷാദ് (2025-26 സീസൺ) എന്നിവർ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ സംഭാവനകളാണ്.
യുവതലമുറയെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തുന്ന അക്കാദമിയായും ക്ലബ്ബ് പ്രവർത്തിക്കുന്നു. സമ്മർ കോച്ചിങ് ക്യാമ്പുകളും അണ്ടർ 13, അണ്ടർ 15 ടൂർണമെന്റുകളും വഴി മികച്ച താരങ്ങളെ വാർത്തെടുക്കാൻ ഇവർ ശ്രദ്ധിക്കുന്നു.
മൊഗ്രാൽ ഗ്രൗണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അൻവർ അഹ്മദ്, സെക്രട്ടറി ആസിഫ് ഇഖ്ബാൽ, ട്രഷറർ റിയാസ് എന്നിവർ നേതൃത്വം നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

