അന്നന്നത്തെ വിശപ്പകറ്റാൻ മലയാളിക്ക് ഒരുകാലത്ത് ആശ്രയമായിരുന്ന ചക്ക, ഇന്ന് ആധുനിക വിപണിയിലെ താരം. കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെടുന്നതിന് മുൻപേതന്നെ മലയാളിയുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു ചക്ക.
പോഷകസമൃദ്ധമായ ഈ ഫലം ഇന്ന് ഗ്രാമീണ മേഖലകളിൽ പുതിയ വരുമാന മാർഗങ്ങൾ തുറന്നുനൽകുകയാണ്. ചിറ്റാരിക്കാലിലെ ചക്ക വിപണി ചിറ്റാരിക്കാൽ അതിരുമാവിലെ സി.വി.ജോൺസൺ നടത്തുന്ന ബിബ്ലീസ് ബനാന ചിപ്സ് യൂണിറ്റ് കഴിഞ്ഞ ആറു വർഷമായി ചക്ക ചിപ്സ് നിർമാണത്തിൽ സജീവമാണ്.
തയ്യേനി, അത്തിയടുക്കം, മാലോം, കൊന്നക്കാട് തുടങ്ങിയ പരിസര പ്രദേശങ്ങളിൽ നിന്ന് കർഷകർ എത്തിക്കുന്ന ചക്കയാണ് ഇവിടെ പ്രധാന അസംസ്കൃത വസ്തു. “ഈ വർഷമായിരുന്നു ഏറ്റവും കൂടുതൽ ചക്ക വിലയ്ക്കു വാങ്ങിയത്” എന്ന് സി.വി.ജോൺസൺ വ്യക്തമാക്കി.
കൃത്യമായ പരുവത്തിൽ അരിഞ്ഞെത്തിക്കുന്ന ചക്കയ്ക്ക് കിലോഗ്രാമിന് 56 മുതൽ 60 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. സീസൺ തുടക്കത്തിൽ ഇത് 80 രൂപ വരെയാകാറുണ്ട്.
നിലവിൽ വിപണിയിൽ ചക്ക ചിപ്സിന് കിലോഗ്രാമിന് 450 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. ചക്കക്കുരുവും പോഷക കലവറ കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.സി.ആർ.ഐ കൃഷി വിജ്ഞാന കേന്ദ്രം, ചക്കക്കുരുവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കർഷകർക്കും വനിതാ സംരംഭകർക്കും പരിശീലനം നൽകുന്നു.
ചക്കക്കുരു പൊടി ഉപയോഗിച്ച് പുട്ടുപൊടി, പപ്പടം, ചപ്പാത്തി എന്നിവയും, ചക്കക്കുരു പാലിൽ നിന്ന് ഹൽവയും നിർമ്മിക്കുന്ന രീതികൾ ഇവിടെ പരിശീലിപ്പിക്കുന്നു. “ചക്കക്കുരു പാലിൽ ഉണ്ടാക്കുന്ന ഹൽവ അതീവ സ്വാദ് തന്നെയാണെന്ന്” കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ ഡോ.സരിത ഹെഗ്ഡെ അഭിപ്രായപ്പെടുന്നു.
സ്വാശ്രയത്വത്തിലേക്ക് വനിതകൾ സ്വയംതൊഴിൽ മേഖലയിൽ മികച്ച മാതൃക തീർക്കുകയാണ് മായിപ്പാടി സ്വദേശിനി കെ.വി.രമ്യ. പത്തു വർഷം മുൻപ് പരിശീലനം നേടിയ ശേഷം, ഇന്ന് നൂറോളം മൂല്യവർധിത ഉൽപന്നങ്ങളാണ് കെ.വി.രമ്യയും അമ്മ ഉഷാകുമാരിയും ചേർന്ന് വിപണിയിൽ എത്തിക്കുന്നത്.
പച്ചച്ചക്ക കൊണ്ടാട്ടം, ചക്കക്കുരു പാസ്ത, ചക്കക്കുരു ചോക്ലേറ്റ്, ജൂസ് തുടങ്ങി ഔഷധഗുണമുള്ള വിവിധ ഉൽപന്നങ്ങൾ ഇവർ നിർമ്മിക്കുന്നു. ചക്കയുടെയും ചക്കക്കുരുവിന്റെയും സാധ്യതകൾ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ ഗ്രാമീണ കുടുംബങ്ങൾക്ക് മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുമെന്ന് കൃഷി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
വൈറ്റമിനുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവയുടെ കലവറയായ ചക്ക, പ്രമേഹ നിയന്ത്രണത്തിനും ദഹന പ്രക്രിയയ്ക്കും ഉത്തമമാണെന്ന തിരിച്ചറിവ് വിപണിയിൽ ഇതിന്റെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

