നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ രംഗത്ത്. ‘തിരഞ്ഞെടുപ്പു രംഗത്തു വന്ന ചില പോരായ്മകൾ’ എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിലാണ് പാർട്ടി നയങ്ങളിലും പ്രവർത്തനങ്ങളിലും സംഭവിച്ച പാളിച്ചകളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ പാർട്ടിക്ക് ഗുണകരമായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച ആറുപേർ എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചത് ജനങ്ങൾക്കിടയിൽ സംഘടനയോടുള്ള മതിപ്പ് കുറയാൻ കാരണമായി.
തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. ദേവസ്വം ബോർഡ് സംഘടിപ്പിച്ച അയ്യപ്പസംഗമം സർക്കാർ പരിപാടിയാണെന്ന തരത്തിൽ പ്രചാരണമുണ്ടായത് വോട്ടർമാരെ സ്വാധീനിച്ചു.
ആർഎസ്എസ് പശ്ചാത്തലമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ഈ സമ്മേളനത്തിൽ വായിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാട്ടി. സ്വർണപ്പാളിക്കേസിൽ എ.പത്മകുമാർ ജയിലിലായപ്പോൾ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കുന്നതിൽ വീഴ്ച സംഭവിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് പാർട്ടിക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിലും, അത് വ്യക്തമായും വിമർശനാത്മകമായും അവതരിപ്പിക്കുന്നതിൽ വീഴ്ച വന്നു. എൽഡിഎഫ് മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ ജനങ്ങളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും തിരഞ്ഞെടുപ്പ് കാലത്തെ ചില പ്രസ്താവനകൾ തിരിച്ചടിക്ക് വഴിയൊരുക്കിയെന്നും കുറിപ്പിൽ അദ്ദേഹം വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

