സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കും തീരുമാനങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി രംഗത്ത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലൂടെയാണ് അദ്ദേഹം ഗൗരവകരമായ വിഷയങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മതേതര കേരളത്തിന്റെ താത്പര്യങ്ങളെ ബാധിക്കുന്ന നിലപാടുകൾ സ്വീകരിക്കുമ്പോൾ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനവും അലംഭാവവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കേന്ദ്ര ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഷാജി നടത്തിയ പ്രസ്താവന മതേതര കേരളത്തിന് വലിയ തിരിച്ചടിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ മാതൃകയിൽ നിന്ന് വ്യത്യസ്തമായി, കേന്ദ്ര പദ്ധതികളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. കൂടാതെ, പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനവും ഗൗരവതരമാണെന്ന് കത്തിൽ പറയുന്നു.
വിഷയങ്ങളിൽ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിന് പകരം, സർക്കാരിൽ നേരിട്ട് ഇടപെട്ട് ഇത്തരം തീരുമാനങ്ങൾ തിരുത്തിക്കാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നായിരുന്നു ആവശ്യം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.
ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെയും കത്തിൽ ശക്തമായ ആരോപണം ഉയർത്തുന്നുണ്ട്. ഈ നിയമനത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ടെന്നും വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപി സ്വാധീനം ചെലുത്താൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ചുള്ള ദുരൂഹതയും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. കത്തിലെ പ്രസക്ത ഭാഗം ഇപ്രകാരമാണ്: “ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?” യുഡിഎഫ് സർക്കാരിന്റെ ഇത്തരം നടപടികളെ കാവി അജണ്ടകളായി വിശേഷിപ്പിച്ച വി ശിവൻകുട്ടി, മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സിപിഎം തുടർന്നും ശക്തമായ പ്രതിരോധം തീർക്കുമെന്ന് വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

