വാട്സാപ്പിന് പിന്നാലെ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ‘യൂസർനെയിം’ ഫീച്ചർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ടെലഗ്രാം, സിഗ്നൽ എന്നീ ആപ്പുകൾക്ക് കേന്ദ്രസർക്കാർ ഔദ്യോഗികമായി നോട്ടിസ് അയച്ചു. ഈ ഫീച്ചർ നടപ്പിലാക്കുമ്പോൾ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കാനും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനുമാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇത്തരം ഫീച്ചറുകൾ സുരക്ഷാ ഭീഷണിയാകുമോ എന്ന ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ട്. യൂസർനെയിമുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അജ്ഞാതത്വം (Anonymity) ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യാനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിനിടെ, സോഹോയുടെ ചാറ്റ് ആപ്പായ അരട്ടൈയിൽ യൂസർനെയിം ഫീച്ചർ നിർത്തലാക്കിയതായി സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്സാപ്പും യൂസർനെയിം ഫീച്ചർ പരീക്ഷിക്കുന്നത്.
ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി സംവദിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് കമ്പനികൾ വാദിക്കുന്നത്. എന്നാൽ, ഈ സാങ്കേതിക മാറ്റം വരുത്തുന്നതിലൂടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ വാട്സാപ്പിനോടും നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് അന്ന് നിർദേശം നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

