മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ ഭരണപരമായ പ്രതിസന്ധികൾ തുടരുന്നു. നടൻമാരായ ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ ഔദ്യോഗിക രാജി സംഘടനയുടെ ഇമെയിൽ വിലാസത്തിലേക്ക് അയച്ചു.
നേരത്തെ ഭരണസമിതിയിൽ അംഗങ്ങളായിരുന്ന ഇരുവരും, പുതിയ സാഹചര്യത്തിലാണ് രാജിക്കാര്യം അറിയിച്ചത്. നിലവിലെ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധ്യതയെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുകയാണ്.
അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിക്കാത്ത സാഹചര്യത്തിൽ കമ്മിറ്റിക്ക് നിലനിൽപ്പില്ലെന്ന വാദം ശക്തമാണ്. നിലവിൽ കൈലാഷ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവർ മാത്രമാണ് രാജിവെച്ചിരിക്കുന്നത്.
ശ്വേത മേനോൻ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ ഇതുവരെ രാജി നൽകാൻ തയ്യാറായിട്ടില്ല. അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാതെ സംഘടനയിൽ നിന്ന് പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ശ്വേത മേനോൻ.
ഇത്രയും നാൾ മൗനം പാലിച്ചത് സംഘടനയുടെ നന്മയെക്കരുതിയാണെന്നും, നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും ഇതിലൂടെ വ്യക്തമാക്കുന്നു.
ഇതിനിടെ, കൊച്ചിയിൽ ചേർന്ന അഡ്ഹോക് സമിതിയുടെ രണ്ടാമത്തെ യോഗത്തിൽ, സംഘടനയുടെ ബൈലോയിൽ അഡ്ഹോക് സമിതിയെക്കുറിച്ച് പരാമർശമില്ലെന്നും അന്തിമ തീരുമാനം ജനറൽ ബോഡിയുടേതാണെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ, നടി അൻസിബ ഹസൻ നൽകിയ പരാതി നിയമനടപടികളിലേക്ക് നീങ്ങുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ അൻസിബ ഹസൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. നേരത്തെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ തേടിയത്.
ഈ കേസ് 9-ാം തീയതി കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

