ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതി. ചാണക്യ ബുക് സെന്റർ ഉടമ എൻ എസ് ജയകുമാർ ആണ് അധികൃതർക്ക് പരാതി നൽകിയത്.
മികച്ച കൈയക്ഷരമുള്ളവർക്ക് വീട്ടിലിരുന്ന് വലിയ തുക സമ്പാദിക്കാം എന്ന വ്യാജ വാഗ്ദാനം നൽകിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി നൽകുന്ന പരസ്യങ്ങളിൽ ആകൃഷ്ടരാകുന്നവരിൽ നിന്നും രജിസ്ട്രേഷൻ ഫീസായി 500 രൂപയാണ് ആദ്യം ഈടാക്കുന്നത്.
തുടർന്ന് ജോലിക്കാവശ്യമായ സാമഗ്രികൾ നൽകാം എന്ന് വിശ്വസിപ്പിച്ച് 5,000 രൂപ വരെ തട്ടിയെടുക്കുന്നു. പണം കൈമാറിയ ശേഷം ജോലി ലഭിക്കാത്തതോടെ ആളുകൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുന്നു.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവർ സ്ഥാപനത്തിലേക്ക് വിളിച്ചപ്പോഴാണ് സ്വന്തം പേര് ദുരുപയോഗം ചെയ്യുന്ന കാര്യം എൻ എസ് ജയകുമാർ അറിഞ്ഞത്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
മാസങ്ങൾക്ക് മുമ്പ് തന്നെ സൈബർ സെല്ലിന് പരാതി നൽകിയിട്ടും തട്ടിപ്പ് സംഘം ഇപ്പോഴും സജീവമാണെന്ന് ഉടമ ആരോപിക്കുന്നു. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

