ക്രൂഡോയിൽ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ദീർഘകാലമായി ആശ്രയിക്കുന്ന ഇന്ത്യ, ഇപ്പോൾ റഷ്യയിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തുന്നു. യുക്രെയ്ൻ ഡ്രോൺ ആക്രമണം മൂലം റഷ്യയിലെ പല റിഫൈനറികളും പ്രവർത്തനരഹിതമായത് വലിയ ഇന്ധന പ്രതിസന്ധിയാണ് ആ രാജ്യത്തുണ്ടാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തെ മറികടക്കാൻ റഷ്യ ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ധനം വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്. ഇതുവരെ ഏകദേശം 60,000 മെട്രിക് ടൺ പെട്രോൾ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് കയറ്റി അയച്ചു കഴിഞ്ഞു.
കൂടാതെ രണ്ട് കപ്പലുകളിലായി 70,000 ടൺ പെട്രോൾ റഷ്യയ്ക്ക് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
ക്രൂഡോയിൽ ഉൽപാദനം സുഗമമാണെങ്കിലും, രാജ്യത്തെ റിഫൈനറികളുടെ സംസ്കരണ ശേഷി 25 ശതമാനം കുറഞ്ഞതാണ് റഷ്യയെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, കഴിഞ്ഞ ജൂണിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യൻ ക്രൂഡോയിൽ ഇറക്കുമതി റെക്കോർഡ് തലത്തിലെത്തി.
പ്രതിദിനം 2.58 ദശലക്ഷം ബാരൽ ‘ഉരൽ’ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ചൈനയുടെ ഡിമാൻഡിലുണ്ടായ ഇടിവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇതിന് കാരണമായിട്ടുണ്ട്.
റഷ്യ വാഗ്ദാനം ചെയ്യുന്ന മികച്ച ഡിസ്കൗണ്ടുകളും ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നു. ചൈനയുടെ വാങ്ങൽ കുറഞ്ഞ സാഹചര്യത്തിൽ, വിപണി വിലയേക്കാൾ 5 ഡോളർ വരെ കുറവിലാണ് റഷ്യ എണ്ണ നൽകുന്നത്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കിടയിൽ ബാരലിന് 15 ഡോളർ വരെ അധികം നൽകി എണ്ണ വാങ്ങേണ്ടി വന്ന സാഹചര്യത്തിൽ നിന്ന് വലിയൊരു മാറ്റമാണിത്. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതിയിൽ പകുതിയിലധികവും റഷ്യയിൽ നിന്നാണ്.
പ്രതിദിനം 5.1 ലക്ഷം ബാരലുമായി യുഎഇയും 3.6 ലക്ഷം ബാരലുമായി വെനസ്വേലയും തൊട്ടുപിന്നിലുണ്ട്. പരമ്പരാഗത വിപണികൾക്ക് പുറമെ ബ്രസീൽ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ജൂണിൽ ക്രൂഡോയിൽ വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ പ്രതിദിനം 4.7 ദശലക്ഷം ബാരലായിരുന്ന ഇറക്കുമതി, ഇത്തവണ 4.92 ദശലക്ഷം ബാരലായി ഉയർന്നു. പാചകവാതക (എൽപിജി) ഇറക്കുമതിയിൽ അമേരിക്കയാണ് ഇന്ത്യയുടെ പ്രധാന പങ്കാളി.
ജൂൺ മാസത്തിൽ ഇന്ത്യയുടെ ആവശ്യമായ എൽപിജിയുടെ 65 ശതമാനവും എത്തിയത് അമേരിക്കയിൽ നിന്നാണ്. എന്നിരുന്നാലും, പശ്ചിമേഷ്യയിൽ നിന്നുള്ള വരവ് കുറഞ്ഞതിനാൽ മൊത്തത്തിലുള്ള എൽപിജി ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലവാരത്തേക്കാൾ താഴെയാണ്.
ഇന്ത്യയിലേക്കുള്ള എൽപിജി വിതരണത്തിന്റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

