കണിയാപുരം റെയിൽവേ ഗേറ്റ് പരിസരത്തുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി അടിയന്തര നടപടികളുമായി മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ആർ.അർച്ചന സമർപ്പിച്ച നിവേദനത്തിന്മേലാണ് മന്ത്രി ഉടനടി ഇടപെട്ടത്.
പോത്തൻകോട് വാവറമ്പലത്ത് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് നിവേദനം കൈമാറിയത്. നിവേദനം പരിശോധിച്ച ഉടൻ തന്നെ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന റൂറൽ എസ്പിയെ വിളിച്ചുവരുത്തി ഗതാഗത നിയന്ത്രണത്തിനായി ഉദ്യോഗസ്ഥരെ വിന്യസിക്കാൻ മന്ത്രി നിർദേശം നൽകി.
മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടികളുണ്ടായി. ഗതാഗത നിയന്ത്രണത്തിനായി ഇന്നുമുതൽ ഹോം ഗാർഡിനെ നിയോഗിക്കുമെന്ന് എസ്പി ഉറപ്പ് നൽകിയിട്ടുണ്ട്.
വർഷങ്ങളായി നാട്ടുകാർ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കണിയാപുരം റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക്. തുടർച്ചയായി ട്രെയിനുകൾ കടന്നുപോകുന്ന സാഹചര്യത്തിൽ ഗേറ്റ് ദീർഘനേരം അടച്ചിടുന്നത് വാഹനങ്ങളുടെ നീണ്ട
നിരയ്ക്ക് കാരണമാകുന്നുണ്ട്. ദേശീയപാതയെയും തീരദേശ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
ഇവിടെ ഒരു റെയിൽവേ മേൽപാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ പതിനഞ്ച് വർഷത്തെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. 48.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും, മേൽപാലം നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇനിയും എങ്ങുമെത്തിയിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

