കുപ്പികളിലും കാനുകളിലും പെട്രോൾ നൽകുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർശന വിലക്ക് വാഹന ഉടമകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങുന്ന വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
നേരത്തെ, ഇന്ധനം തീർന്നാൽ പ്ലാസ്റ്റിക് കുപ്പികളിൽ പെട്രോൾ വാങ്ങി വാഹനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമായിരുന്നു. എന്നാൽ നിലവിലെ നിരോധനത്തോടെ ഈ സൗകര്യം പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നടപ്പിലാക്കിയ ഈ നിയന്ത്രണം പെട്രോൾ പമ്പുകളെയും ബാധിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളുടെ പേരിൽ പമ്പുകളിൽ കുപ്പികളിൽ ഇന്ധനം നൽകുന്നത് നിരോധിച്ചിരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പിഇഎസ്ഒ – പെസോ) അംഗീകാരമുള്ള പ്രത്യേക കാനുകളിൽ ഇന്ധനം നൽകാൻ അനുമതിയുണ്ട്. എന്നാൽ ഇത്തരം കാനുകൾക്ക് വിപണിയിൽ ഏകദേശം 7500 രൂപയോളം വില വരുന്നുണ്ട്.
നൂറു രൂപയുടെ പെട്രോൾ ആവശ്യത്തിന് എത്തുന്ന സാധാരണക്കാരന് അതിലും പലമടങ്ങ് വിലയുള്ള കാൻ വാങ്ങുക എന്നത് പ്രായോഗികമല്ല. കൂടാതെ, പിഇഎസ്ഒ അംഗീകൃത കാനുകൾ നിർമിക്കുന്ന കമ്പനികൾ ഇന്ത്യയിൽ വളരെ ചുരുക്കം മാത്രമായതിനാൽ വിപണിയിൽ ഇവയുടെ ലഭ്യതയും കുറവാണ്.
ഇത്തരം അംഗീകൃത കാനുകളിൽ പിഇഎസ്ഒ അപ്രൂവ്ഡ് എന്ന സീലും, നിർമാതാവിന്റെ പേര്, ലൈസൻസ് നമ്പർ, തീയതി എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ടാകും. വാഹന ഉടമകൾ മാത്രമല്ല, പുല്ല് വെട്ടുന്ന യന്ത്രങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും ജനറേറ്റർ ഉടമകളും ഈ നിയന്ത്രണം മൂലം കടുത്ത ദുരിതത്തിലാണ്.
ഇന്ധനം കൈകാര്യം ചെയ്യുന്നതിലെ കർശനമായ ഈ പുതിയ മാർഗനിർദ്ദേശങ്ങൾ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

