മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന യൂസര്‍ ഐഡി ഫീച്ചറിനെതിരെ കര്‍ശന നിരീക്ഷണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം സാധ്യമാക്കുന്ന ഈ സംവിധാനം വഴി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിശദമായ പരിശോധനകള്‍ക്ക് ശേഷം, ആവശ്യമായ സാഹചര്യത്തില്‍ മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ഫോണ്‍ നമ്പറിന്റെ സ്വകാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പ് ഇത്തരമൊരു ഫീച്ചര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ യൂസർ ഐഡി ഉപയോഗിച്ച് മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും, ഈ സൗകര്യം സൈബർ കുറ്റവാളികൾക്ക് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുമെന്ന ആശങ്ക ശക്തമാണ്.
ടെലിഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഫീച്ചറുകൾ വഴി തട്ടിപ്പുകൾ വർധിച്ച അനുഭവം മുൻനിർത്തിയാണ് സർക്കാർ ജാഗ്രത പാലിക്കുന്നത്. യഥാർത്ഥ തിരിച്ചറിയൽ രേഖകളോ ഫോൺ നമ്പറോ ഇല്ലാതെ അജ്ഞാതമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണികൾക്ക് വഴിവെച്ചേക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
നേരത്തെ, ഉപയോക്താക്കൾക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള യൂസർ നെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് ലഭ്യമാക്കിയിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും അയൽക്കാരുമായുള്ള ആശയവിനിമയങ്ങൾക്കും ഫോൺ നമ്പർ വെളിപ്പെടുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
പല ഉപയോക്താക്കളും ഇതിനകം തന്നെ യൂസർ നെയിം സെറ്റ് ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഫീച്ചറിന്റെ സുരക്ഷാ വശങ്ങൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

