കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തനം തുടർന്ന ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. ആരോഗ്യ മന്ത്രി ഡോ.
അഹമ്മദ് അൽ അവാദി തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിയമലംഘനം അതീവ ഗൗരവകരമെന്ന് കണ്ടെത്തിയതിനെ തുടർന്ന്, സാൽമിയയിലുള്ള പ്രമുഖ മെഡിക്കൽ സെന്ററിനെ കൂടുതൽ അന്വേഷണങ്ങൾക്കായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറി.
പൂട്ടിയ സ്ഥാപനങ്ങളിൽ മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫിസിയോതെറാപ്പി സെന്ററുകൾ, ഹോം ഹെൽത്ത് കെയർ സർവീസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് ലൈസൻസിങ് വിഭാഗം, ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
ആവശ്യമായ യോഗ്യതയോ ഔദ്യോഗിക ലൈസൻസോ ഇല്ലാത്ത വ്യക്തികൾ രോഗികളെ ചികിത്സിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് പരിശോധനയിൽ തെളിഞ്ഞത്. പ്രത്യേകിച്ച്, സൽമിയയിലെ മെഡിക്കൽ സെന്ററിൽ സിവിൽ ഐഡി കാർഡിൽ ‘സെയിൽസ് റെപ്രസെന്റേറ്റീവ്’ എന്ന് രേഖപ്പെടുത്തിയ ജീവനക്കാരൻ രോഗികളെ പരിശോധിക്കുകയും മെഡിക്കൽ ഉപദേശങ്ങൾ നൽകുകയും ബോട്ടോക്സ്, ഫില്ലർ കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം വ്യാജ ചികിത്സാ കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനകളും നടപടികളും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

