കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടി പതിമൂന്നുകണ്ണറ പാലത്തിന് സമീപം റോഡ് തകർന്ന് രൂപപ്പെട്ട കൂറ്റൻ കുഴികൾ ഗതാഗതത്തിന് വലിയ ഭീഷണിയായി മാറുന്നു.
ചരക്കുലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാതയുടെ മധ്യഭാഗം വലിയ തോതിൽ തകർന്നു കിടക്കുകയാണ്. പാലത്തിന്റെ ഒരുവശത്ത് നദിയും മറുവശത്ത് പതിമൂന്നുകണ്ണറ പാലവും സ്ഥിതി ചെയ്യുന്നതിനാൽ, കുഴികൾ വെട്ടിച്ച് വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
മഴ പെയ്യുന്ന സമയങ്ങളിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെ നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതായാണ് നാട്ടുകാരുടെ സാക്ഷ്യം.
അപകട ഭീതിയെത്തുടർന്ന് ഭാരവാഹനങ്ങൾ വളരെ കുറഞ്ഞ വേഗതയിലാണ് ഈ ഭാഗം പിന്നിടുന്നത്.
ഇത് ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം സ്ഥിരമായിരിക്കുകയാണ്.
അപകടങ്ങൾ കൂടുതൽ ഗുരുതരമാകുന്നതിന് മുൻപ് ദേശീയപാതയുടെ ഈ ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

