ചിറ്റാർ കൊടുമുടി കമ്യൂണിറ്റി ഹാളിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതാലിൽ പി.കെ.സദാനന്ദന്റെ മകൻ പി.എസ്.സന്ദീപിന്റെ (30) മരണത്തിന് കാരണമായത് ആന്തരിക ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും കരളിലും തുളച്ചു കയറിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഈ സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (60), മൂഴിക്കൽ വീട്ടിൽ ഗോപി (60), പുതുക്കുളം ദേവി വിലാസം സുരേഷ് കുമാർ (58) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സന്ദീപും പ്രതികളും തമ്മിൽ തർക്കവും സംഘർഷവും നടന്നതായി ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ചെങ്ങറയിൽ വെച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒന്നാം പ്രതി സുരേഷ് കുമാറിന്റെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാനിൽ നടത്തിയ പരിശോധനയിൽ തോക്കിലേക്ക് ആവശ്യമായ വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ, പിച്ചാത്തി, വെട്ടുകത്തി, ആംഗിൾ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.
ചിറ്റാർ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൃഷ്ണൻകുട്ടി, ഗോപി എന്നിവർക്ക് സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് കൊലപാതക കുറ്റത്തിലേക്ക് മാറ്റി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കൂടൽ പൊലീസ് സ്റ്റേഷൻ എസ്ഐ ജയ്മോൻ, ചിറ്റാർ സിഐ എ.അനീഷ്, എസ്ഐമാരായ പി.പി.മനോജ്കുമാർ, ബി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

