തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ ചെമ്പഴന്തി ഉദയൻ ആണ് കേസിലെ ഒന്നാം പ്രതി. കോൺഗ്രസ് കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് ഇവർക്കെതിരെ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്റെ രാജിയുമായി ബന്ധപ്പെട്ട
പ്രതിഷേധങ്ങൾക്കിടെ മേയർ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് സഭയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ഹാജർ രജിസ്റ്ററുമായി ബന്ധപ്പെട്ട
തർക്കത്തിനിടെ കെ എസ് ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ വാക്കേറ്റവും പിടിവലിയുമുണ്ടായി. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതനെ സഹായിക്കുന്നതിനായി ചെമ്പഴന്തി ഉദയൻ ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും, ആ സമയത്ത് വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തുവെന്നുമാണ് യുഡിഎഫ് കൗൺസിലർമാരുടെ ആരോപണം.
അതേസമയം, ഹാജർ രജിസ്റ്ററിൽ വെള്ളമൊഴിച്ച് നശിപ്പിക്കാനാണ് യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതെന്ന് മേയർ വി വി രാജേഷ് പ്രതികരിച്ചു. യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

