ഇടുക്കി അണക്കരയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സ്കൂളിലെ തമിഴ് മീഡിയം വിഭാഗം അധ്യാപകനായ ശിവകുമാർ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി ഉയർന്നത്.
സഹപാഠികളെ കളിയാക്കി എന്നാരോപിച്ച് ചൂരൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ തുടയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിച്ചതായും മുഖത്ത് കൈകൊണ്ട് മർദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പിന്നീട് പരാതിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചെങ്കിലും, കേസിൽ നിയമപരമായ തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. വിഷയത്തിൽ സ്കൂൾ പിടിഎ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് വടികൊണ്ട് പലതവണ മർദിച്ചതായി കണ്ടെത്തി.
കൂടാതെ, സംഭവം പ്രധാന അധ്യാപകനെ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ പിടിഎ നിർദേശിച്ചു.
സ്കൂളിലെ പഠനം തടസ്സപ്പെടാതിരിക്കാൻ പകരം താൽക്കാലിക അധ്യാപകനെ നിയമിക്കാനും, മർദനത്തിന് സാക്ഷികളായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം സ്കൂളിലെത്തി കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുത്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കർശനമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്കൂളിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷാവസ്ഥയിൽ കലാശിച്ചു. പോലീസിന്റെ തടസ്സം വകവെക്കാതെ സ്കൂൾ കോമ്പൗണ്ടിലേക്ക് കടന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പ്രധാന അധ്യാപകന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

