മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ കഴിഞ്ഞ രണ്ട് വർഷമായി ക്യാമറ സ്ഥാപിച്ച് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റാരോപിതനായ താൽക്കാലിക ജീവനക്കാരനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും, ഇയാൾക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും സ്വീകരിക്കുന്ന നിലപാടിനെതിരെയും പ്രതിഷേധക്കാർ രംഗത്തെത്തി. ക്യാമറ സ്ഥാപിച്ച നടപടിയെ ന്യായീകരിക്കാനും പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമിക്കുന്ന അധികൃതരെ ചോദ്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷം നടന്ന പ്രതിഷേധ യോഗം സിപിഐ(എം) കുന്നമംഗലം ഏരിയ സെക്രട്ടറി പി.ഷൈപു ഉദ്ഘാടനം ചെയ്തു. സ്ത്രീകളടക്കമുള്ള ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ചടങ്ങിൽ സിപിഎം കണ്ണിപറമ്പ് ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ എൻ.ഗിരീഷ് അധ്യക്ഷത വഹിച്ചു. മാവൂർ ലോക്കൽ സെക്രട്ടറി പി.സുനിൽകുമാർ സ്വാഗതം ആശംസിച്ചു.
ഏരിയ കമ്മിറ്റി അംഗം പുതുക്കുടി സുരേഷ്, എം.ധർമ്മജൻ, കെ.പി.ചന്ദ്രൻ, എൻ.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

