ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി കാനഡ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് സഹ ആതിഥേയരായ കാനഡ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്.
എക്സ്ട്രാ ടൈമിൽ സ്റ്റീഫൻ എസ്റ്റാക്വിയോ നേടിയ നിർണായക ഗോളാണ് കാനഡയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും, പന്ത് കൈവശം വെക്കുന്നതിൽ 55 ശതമാനത്തോളം ആധിപത്യം പുലർത്താൻ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.
എന്നാൽ, കാനഡയുടെ ആക്രമണങ്ങൾ കൂടുതൽ മൂർച്ചയുള്ളതായിരുന്നു. സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് 7 ഓൺ ടാർഗറ്റ് ഷോട്ടുകളാണ് കാനഡ പായിച്ചത്.
ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾകീപ്പർമാരുടെ മികവ് പലപ്പോഴും തടസ്സമായി നിന്നു. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റീഫൻ എസ്റ്റാക്വിയോ ഗോളിലൂടെ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്.
പ്രീക്വാർട്ടറിൽ കാനഡ നേരിടേണ്ടി വരുന്നത് നാളെ നടക്കുന്ന നെതർലൻഡ്സ്-മൊറോക്കോ മത്സരത്തിലെ വിജയികളെയാണ്. ഗ്രൂപ്പ് എഫിൽ ചാമ്പ്യന്മാരായ നെതർലൻഡ്സ് മികച്ച ഫോമിലാണ് ടൂർണമെന്റിൽ തുടരുന്നത്.
അതേസമയം, ബ്രസീലിനെ അടക്കം വിറപ്പിച്ചാണ് മൊറോക്കോ നോക്കൗട്ട് റൗണ്ടിലെത്തിയത്. നാളെ നടക്കുന്ന മറ്റ് നോക്കൗട്ട് മത്സരങ്ങളിൽ ബ്രസീൽ ജപ്പാനെയും, ജർമനി പരാഗ്വായെയും നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

