സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷാ പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. റൂൾ 50 പ്രകാരം എൽ ഡി എഫ് അംഗം എ സി മൊയ്തീൻ ആണ് ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഗാർഹിക ജോലികളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻ സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി, ഏകദേശം 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകൾക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എ സി മൊയ്തീൻ തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പരിഹസിക്കുകയും സർക്കാരിന്റെ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മുൻ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യാതൊരുവിധ ആസൂത്രണവുമില്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത രീതിയിലും ഉദ്ഘാടന നടപടികളിലും ഗുരുതരമായ അപാകതകൾ ഉണ്ടെന്നും, പട്ടികയിൽ സമഗ്രമായ പരിശോധന അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അർഹരായവരെ കണ്ടെത്തുന്നതിൽ പാർട്ടികൾ ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാദങ്ങൾ
പദ്ധതി നടപ്പിലാക്കുന്നതിൽ മുൻ സർക്കാരിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ അവസാന നിമിഷം വരെ കാത്തുനിൽക്കണമായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ശമ്പള പരിഷ്കരണ കമ്മീഷൻ ഉൾപ്പെടെയുള്ള ബാധ്യതകൾ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചതിനൊപ്പമാണ് ഈ പദ്ധതിയും അവതരിപ്പിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. നിലവിൽ സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി സ്ത്രീകൾക്ക് വലിയ സഹായമാണെന്നും, അധികാരത്തിൽ വന്നയുടനെ ഇത്തരത്തിൽ ജനക്ഷേമകരമായ തീരുമാനങ്ങൾ എടുക്കാൻ ഈ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
16 മാസത്തെ ക്ഷേമ പെൻഷൻ ബാധ്യതകൾ നിലവിൽ സർക്കാരിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ നിലപാട്
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.
കെ സ്മാർട്ട് സംവിധാനം വഴി സുതാര്യമായാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനാറ് ലക്ഷത്തോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും, പാവപ്പെട്ട
സ്ത്രീകളോട് വാശി കാണിക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. തുടർന്ന്, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

