വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശിനി നവോമി വിൻസെന്റിന്റെ അവയവദാന നടപടികൾ പുരോഗമിക്കുന്നു. മെഡിക്കൽ പരിശോധനയിൽ ഹൃദയം മാറ്റിവെക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കെ സോട്ടോ (K-SOTTO) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
ഹൃദയത്തിൻ്റെ പ്രവർത്തനം പരിമിതമായ സാഹചര്യത്തിൽ, എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ഹൃദയം സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറുകയും അനുബന്ധമായി സജ്ജീകരിച്ചിരുന്ന എയർ ആംബുലൻസ് പിൻവലിക്കുകയും ചെയ്തു. എങ്കിലും, നവോമിയുടെ ഹൃദയവാൽവ് ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ശ്രീ ചിത്ര ആശുപത്രിയായിരിക്കും വാൽവ് സ്വീകരിക്കുക. ഹൃദയം ഒഴികെയുള്ള മറ്റ് അഞ്ച് അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള നടപടികൾ തുടരുകയാണ്.
ഇതിൽ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും, രണ്ടാമത്തെ വൃക്കയും കരൾ എന്നിവ കിംസ് ആശുപത്രിയിലേക്കും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 25-ാം തീയതി പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.
ജോലിയിൽ പ്രവേശിക്കുന്നതിനായി തൃശൂരിൽ നിന്ന് കവടിയാറിലേക്ക് കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന നവോമി, കൊട്ടാരക്കരയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നവോമി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഇന്നലെയാണ് മസ്തിഷ്കമരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

