ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ഊർജിതമാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും 19 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് സുരക്ഷ, പ്രതിരോധം, ഡിജിറ്റൽ പേയ്മെന്റ്, ബഹിരാകാശം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ തീരുമാനമായത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഈ ദ്വീപ് രാഷ്ട്രവുമായുള്ള ബന്ധം സുരക്ഷാ സഹകരണത്തിന്റെയും വികസന പങ്കാളിത്തത്തിന്റെയും പുതിയ തലങ്ങളിലേക്ക് കടക്കുകയാണെന്ന് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നു. പ്രധാന കരാറുകൾ
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒപ്പുവച്ച കരാറുകളിൽ ശ്രദ്ധേയമായവ ഇവയാണ്:
* കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉഭയകക്ഷി ഉടമ്പടി.
* ബഹിരാകാശ ഗവേഷണ രംഗത്ത് സമാധാനപരമായ സഹകരണത്തിനുള്ള കരാർ.
* സീഷെൽസിൽ യുപിഐ (UPI) അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൊണ്ടുവരാൻ എൻപിസിഐ ഇന്റർനാഷനൽ പേയ്മെന്റ്സും സീഷെൽസ് സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണ.
* പുതിയ സീഷെൽസ് നാഷണൽ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള കരാർ.
* എക്സിം ബാങ്ക് ഓഫ് ഇന്ത്യയുമായി അംബ്രല്ല ലൈൻ ഓഫ് ക്രെഡിറ്റ് വായ്പാ കരാർ.
* ഇന്ത്യൻ നിർമ്മിത മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ എച്ച്എൽഎൽ ലൈഫ്കെയറും സീഷെൽസ് ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ധാരണ.
പ്രതിരോധ-സമുദ്ര സഹകരണം സീഷെൽസ് പ്രതിരോധ സേനയ്ക്ക് അതിവേഗ പട്രോൾ കപ്പൽ ഇന്ത്യ സമ്മാനമായി നൽകും. കൂടാതെ, 10 യൂട്ടിലിറ്റി വാഹനങ്ങളും അഞ്ച് ലേസർ റേഡിയൽ ബോട്ടുകളും കൈമാറി.
സീഷെൽസ് കോസ്റ്റ് ഗാർഡിനായുള്ള പിഎസ് സോറോസ്റ്ററിന്റെ പുനർനിർമാണം പൂർത്തിയാക്കുകയും ഗ്ലാസ് കോക്ക്പിറ്റുള്ള ഡോർണിയർ വിമാനത്തിന്റെ നവീകരണം വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട്. വികസന സഹായങ്ങളും മറ്റ് ധാരണകളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സ്മാരക ലോഗോ പ്രകാശനം ചെയ്തു.
കൂടാതെ ആറ് ആംബുലൻസുകൾ, 500 മെട്രിക് ടൺ അരി, 8,500 മെട്രിക് ടൺ സിമന്റ് എന്നിവ ഇന്ത്യ സീഷെൽസിന് കൈമാറി. പ്രഫഷനൽ ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ സെന്ററിന്റെ ശിലാസ്ഥാപനം വെർച്വലായി നിർവഹിച്ചു.
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും സീഷെൽസ് വിദേശകാര്യ മന്ത്രാലയവും തമ്മിൽ നയതന്ത്ര പരിശീലനം സംബന്ധിച്ച ധാരണയിലും ഒപ്പുവച്ചു. രാജ്യാന്തര ബഹുമതി പരിസ്ഥിതി സംരക്ഷണത്തിലെ പ്രതിബദ്ധതയും ചെറുകിട
ദ്വീപ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങൾക്കായി നടത്തുന്ന ഇടപെടലുകളും പരിഗണിച്ച് പ്രധാനമന്ത്രിക്ക് ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ എന്ന ബഹുമതി പ്രസിഡന്റ് പാട്രിക് ഹെർമിനി സമ്മാനിച്ചു. സീഷെൽസ് ഏർപ്പെടുത്തുന്ന ആദ്യത്തെ ബഹുമതിയാണിത്.
വിദേശരാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 34-ാമത് രാജ്യാന്തര പുരസ്കാരമാണിത്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സീഷെൽസിലെത്തിയത്.
സീഷെൽസിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

