തിരുവനന്തപുരത്ത് ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ഗൗരവകരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ആരതി എന്ന യുവതിയുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് സംബന്ധിച്ചും ശാരീരിക-മാനസിക പീഡനങ്ങൾ സംബന്ധിച്ചും കുടുംബം വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
ഒന്നര വർഷം മുൻപ് നടന്ന വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണ്ണാഭരണങ്ങളിൽ ഭൂരിഭാഗവും അതുൽ വിറ്റുതീർത്തതായി ആരതിയുടെ വല്യച്ചൻ ബി.വിൻസാൽ ആരോപിച്ചു. അവശേഷിച്ച സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചപ്പോൾ ആരതി എതിർത്തതും, അത് മർദനത്തിൽ കലാശിച്ചതും സ്ഥിതി വഷളാക്കി.
മർദന വിവരങ്ങൾ പുറത്തറിയാതിരിക്കാൻ ആരതിയെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അതുൽ മനഃപൂർവം അകറ്റിനിർത്തിയിരുന്നു. വിനോദയാത്രകൾക്കും വാഹനങ്ങൾ വാങ്ങുന്നതിനുമായി ഭാര്യയുടെ സ്വർണം ഇയാൾ ധൂർത്തടിച്ചതായി ബന്ധുക്കൾ പറയുന്നു.
വിവാഹത്തിന് മുൻപ് അതുലിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും, അതുലിന്റെ വിവാഹ നിശ്ചയത്തിനു പിന്നാലെ അവർ ആത്മഹത്യ ചെയ്തെന്നും ബി.വിൻസാൽ വെളിപ്പെടുത്തി. ഈ വിവരം വൈകി അറിഞ്ഞത് ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
പൊലീസ് പരിശോധനയും തെളിവുകളും
ആരതിയുടെ ശരീരത്തിൽ ആകെ 13 മുറിപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിനു പുറമെ ഉണങ്ങിയ നിലയിലുള്ള പഴയ മുറിവുകളുടെ പാടുകളും ശരീരത്തിലുണ്ട്.
ഭർത്താവിൽ നിന്ന് മാസങ്ങളായി മർദനമേറ്റിരുന്നെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുൻപ്, കൈയ്യിലും താടിയിലും മുറിവേറ്റതിന്റെ ചിത്രങ്ങൾ ആരതി വെള്ളിയാഴ്ച അമ്മ ജിനുവിന് വാട്സാപ്പിലൂടെ അയച്ചു നൽകിയിരുന്നു.
ജൂലൈ 25 എന്ന തീയതി വെച്ച് ആരതി തന്റെ ഡയറിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, ഭർത്താവിൽ നിന്നുള്ള നിരന്തരമായ ശാരീരിക, മാനസിക പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. ഫോർട്ട് പൊലീസ് വീടിനുള്ളിൽ നിന്ന് കണ്ടെടുത്ത ഡയറിയുടെ മിക്ക പേജുകളും കീറിമാറ്റിയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാത്രി അതുലുമായുണ്ടായ വഴക്കിനെക്കുറിച്ച് ഗൾഫിലുള്ള അച്ഛനോട് ആരതി ഫോണിലൂടെ സംസാരിച്ചിരുന്നു. മുഖത്തിടിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇവർ അച്ഛനെ അറിയിച്ചു.
എന്നാൽ അമ്മ ജിനുവുമായുള്ള ഫോൺ സംഭാഷണം സാധ്യമായില്ല. തുടർന്ന് വൈകിട്ട് അമ്മ വിളിച്ചപ്പോൾ പ്രതികരണം ലഭിക്കാതിരുന്നതിനെത്തുടർന്ന് അമ്മ അതുലിനെ ബന്ധപ്പെടുകയും, അതുൽ വീട്ടിലെത്തുകയുമായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് പൊലീസ് എത്തിയ സമയത്ത്, വാടക വീടായതിനാൽ കതക് പൊളിക്കാൻ ആകില്ലെന്ന് പറഞ്ഞ് അതുൽ വിസമ്മതിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പിന്നീട് നാട്ടുകാരാണ് വാതിൽ തകർത്ത് അകത്തുകയറിയത്.
ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോഴും ഭർത്താവ് യാതൊരു വികാരപ്രകടനവുമില്ലാതെയാണ് നിന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി തന്നെ ഫോർട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
5 മാസം മുൻപാണ് ഇവർ കഞ്ഞിപ്പുരയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. പിഎസ്സി പരിശീലനത്തിനായി തയ്യാറെടുക്കുകയായിരുന്നു ആരതി.
വനിതാ കമ്മിഷൻ ഇടപെടൽ
സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി അധ്യക്ഷ പി.സതീദേവി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

