തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ കെ ഭാഗ്യരാജിന്റെ വിയോഗവാർത്ത വലിയ ഞെട്ടലോടെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ബാലചന്ദ്രമേനോൻ സ്വീകരിച്ചത്. അടുത്തതായി താൻ സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളിലേക്ക് ഭാഗ്യരാജ് – പൂർണ്ണിമ ദമ്പതികളെ പരിഗണിച്ചിരുന്നുവെന്നും, ആ ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയതെന്നും ബാലചന്ദ്രമേനോൻ വേദനയോടെ ഓർക്കുന്നു.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. “മലയാളത്തിലെ ഭാഗ്യരാജ്” എന്ന് മാധ്യമങ്ങൾ തന്നെ വിശേഷിപ്പിച്ച കാലം മുതലേ തങ്ങൾ തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് ബാലചന്ദ്രമേനോൻ വ്യക്തമാക്കുന്നു.
ഒരിക്കൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച്, തന്നെ അത്തരത്തിൽ താരതമ്യം ചെയ്യുന്നതിനെതിരെ ഭാഗ്യരാജ് പ്രതികരിച്ചത് അദ്ദേഹം കൃത്യമായി ഓർക്കുന്നു. ഭാഗ്യരാജിന്റെ വാക്കുകൾ ഇങ്ങനെ: “നിങ്ങൾ എന്തിനാണ് ഇദ്ദേഹത്തെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന് വിളിക്കുന്നത് .
ഒന്നാമത് എനിക്കു ഒരു വർഷം മുൻപ് സംവിധായകനായതാണ് അദ്ദേഹം . തന്നെയുമല്ല , ഞങ്ങൾ എടുക്കുന്ന സിനിമകൾ തമ്മിൽ കഥയിലോ അവതരണത്തിലോ ഒരു സാമ്യവുമില്ല .
എന്നെയും കുറച്ചുനാൾ ‘മദ്രാസിലെ രാജ്കപൂർ ‘ എന്ന് ചിലർ വിളിച്ചിരുന്നു . പത്രക്കാരുടെ ഒരു ക്രൂരതയാണ് അത് .
ഞാൻ അത് ഇഷ്ടപ്പെട്ടിരുന്നില്ല . ഇവിടെ മിസ്റ്റർ മേനോൻ ഇത് കേട്ട് മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ വിശാലമനസ്ഥിതി കൊണ്ടാണ്.” സിനിമയ്ക്കപ്പുറം കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമാണ് ഇവർ പുലർത്തിയിരുന്നത്.
ദുബായിലെ ‘മോർ കഫെ’യിൽ വെച്ച് അവസാനമായി കണ്ടുമുട്ടിയ നിമിഷങ്ങളും അദ്ദേഹം സ്മരിച്ചു. ഭാഗ്യരാജിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിന് സർവ്വശക്തൻ കരുത്തുപകരട്ടെ എന്നും ബാലചന്ദ്രമേനോൻ പ്രാർത്ഥിച്ചു.
താൻ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്റെ കഥാ ചർച്ചകൾ നടക്കുമ്പോൾ ദമ്പതികളുടെ വേഷത്തിനായി ആദ്യം മനസ്സിൽ വന്നത് ഭാഗ്യരാജിനെയും പൂർണ്ണിമയെയും ആയിരുന്നുവെന്നത് അദ്ദേഹത്തിന് തീരാവേദനയാകുന്നു. ഭാഗ്യരാജിന്റെ ശബ്ദത്തിൽ അദ്ദേഹം തന്നെ ‘മേനൻ’ എന്ന് വിളിച്ചിരുന്നത് ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും ബാലചന്ദ്രമേനോൻ കുറിച്ചു.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഉടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

