വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം.
രാജ്യത്തെ വിറപ്പിച്ച പ്രകൃതി ദുരന്തത്തിൽ 3,200-ലധികം പേർക്ക് പരിക്കേറ്റതായും 3,100-ലധികം ആളുകൾക്ക് വീടുകൾ നഷ്ടമായതായും വെനിസ്വേലൻ നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് വ്യക്തമാക്കി. അതേസമയം, 50,000-ത്തിലധികം ആളുകളെ കാണാനില്ലെന്ന ആശങ്കകരമായ വിവരമാണ് ഐക്യരാഷ്ട്ര സംഘടന പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച 39 സെക്കൻഡുകളുടെ ഇടവേളയിലാണ് 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ വെനസ്വേലയെ പിടിച്ചുകുലുക്കിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.
തലസ്ഥാനമായ കാരക്കാസ്, തീരദേശ നഗരമായ ലാ ഗ്വൈറ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. നൂറുകണക്കിന് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.
തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിൽ നിന്നായി 1,600-ഓളം രക്ഷാപ്രവർത്തകർ ഇതിനകം വെനസ്വേലയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ ‘ഓപ്പറേഷൻ അമിസ്താദ്’ എന്ന പേരിൽ പ്രത്യേക രക്ഷാദൗത്യം ആരംഭിക്കുകയും മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും അടിയന്തരമായി എത്തിക്കുകയും ചെയ്തു.
തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് യു.എസ്. ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ തെരുവുകളിലും വാഹനങ്ങളിലുമായാണ് കഴിയുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രാരംഭ റിപ്പോർട്ടുകൾ പ്രകാരം 6.7 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പൂർത്തിയാകുന്നതോടെ മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് അധികൃതർ ഭയപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

