കേരള കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ചു.
ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനിൽ നിന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൃഷിമന്ത്രി ശുപാർശ ചെയ്ത പേരുകൾ തള്ളിക്കൊണ്ടാണ് രാജ്ഭവൻ പുതിയ നിയമനം നടത്തിയിരിക്കുന്നത്.
മുൻപ് ഡീൻ പദവി വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥ എന്ന നിലയിലും സീനിയോരിറ്റിയും പരിഗണിച്ചാണ് ഈ നിയമനം നൽകിയിരിക്കുന്നതെന്നാണ് ലോക് ഭവൻ നൽകുന്ന വിശദീകരണം. അതേസമയം, ബിജെപിയുമായി അടുപ്പമുള്ള അധ്യാപക പരിഷത്തിന്റെ നേതാവാണ് ഡോ.
സജിത റാണി എന്ന വസ്തുത സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എംജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവകലാശാലയിലും സമാനമായ രീതിയിൽ നിയമനം നടന്നത് ഭരണപക്ഷവും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.
മുൻകാലങ്ങളിൽ ഗവൺമെന്റും ഗവർണറും തമ്മിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയായി ഇതിനെ കാണേണ്ടി വരുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങും മുൻപേയാണ് കാർഷിക സർവകലാശാലയിൽ പുതിയ നിയമനം നടന്നിരിക്കുന്നത്.
അതിനാൽ വരും ദിവസങ്ങളിൽ ഈ വിഷയം നിയമസഭയിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

