കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ മേഖലയിൽ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ തുടരുന്നതായി ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്താതെ കണക്കാക്കിയാൽ, നിലവിൽ 5,78,900 ഇന്ത്യൻ പൗരന്മാരാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്.
രാജ്യത്തെ ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനത്തോളം വരും ഈ സംഖ്യ. 2025 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 30.4 ലക്ഷമായി വർധിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് 3.3 ശതമാനം വളർച്ചയാണ് തൊഴിൽ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് തൊട്ടുപിന്നാലെ 4,67,900 തൊഴിലാളികളുമായി ഈജിപ്ത് പൗരന്മാർ (20.6%) രണ്ടാം സ്ഥാനത്തും, 4,41,200 പേരുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർദാൻ എന്നീ രാജ്യങ്ങളാണ് തൊഴിൽ പങ്കാളിത്തത്തിൽ തുടർസ്ഥാനങ്ങളിലുള്ളത്. സ്വകാര്യ മേഖല തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്.
ആകെ തൊഴിലാളികളിൽ 58.8 ശതമാനം അഥവാ 17.9 ലക്ഷം പേർ സ്വകാര്യ മേഖലയിലാണ് തൊഴിലെടുക്കുന്നത്. മൊത്ത-ചില്ലറ വ്യാപാര മേഖല (21.4%), നിർമാണ മേഖല (14.3%), ഹോട്ടൽ-ഭക്ഷ്യ സേവന മേഖല (12.7%) എന്നിവിടങ്ങളിലാണ് പ്രവാസി തൊഴിലാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
പൊതുമേഖലയിലും പ്രവാസികളുടെ സേവനം നിർണായകമാണ്. ആരോഗ്യ മന്ത്രാലയത്തിൽ 46,700 പേരും, വിദ്യാഭ്യാസ മന്ത്രാലയത്തിൽ 33,100 പേരും പ്രവാസികളായി ജോലി ചെയ്യുന്നുണ്ട്.
ഇതോടൊപ്പം, ഗാർഹിക തൊഴിലാളികളുടെ കണക്കിലും ഇന്ത്യക്കാരാണ് മുന്നിൽ. രാജ്യത്തെ ആകെ 7,73,200 ഗാർഹിക തൊഴിലാളികളിൽ 3,10,600 പേരും (40.2%) ഇന്ത്യക്കാരാണ്.
ഇതിനു തൊട്ടുപുറകിലായി ശ്രീലങ്ക (1,37,500), ഫിലിപ്പീൻസ് (1,34,100) എന്നീ രാജ്യക്കാരുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

