മധ്യപ്രദേശിലെ ഉജ്ജയിനിൽ കോളജ് വിദ്യാർഥിനിയായ 19 വയസ്സുകാരിക്ക് നേരെ യുവാവിന്റെ അതിക്രൂരമായ ആക്രമണം. വെറും 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബിഎ വിദ്യാർഥിനിയുമായ പൂജ ആണ് ആക്രമണത്തിന് ഇരയായത്.
പഠനത്തോടൊപ്പം ദവാ ബസാറിലെ ഫാർമസിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ജോലിക്കായി പോകുന്നതിനിടെ പ്രതി യുവതിയെ തടഞ്ഞുനിർത്തുകയും, സംസാരിക്കാൻ വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
വയറിലും കഴുത്തിലും കൈകളിലും മാരകമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാട്ടിദാർ ആശുപത്രിയിലേക്കും മാറ്റിയത്. നിലവിൽ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ പ്രതിയായ 21 വയസ്സുകാരൻ സുനിൽ ജരോലിയയെ പൊലീസ് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന പ്രതിയുടെ കാൽ ഒടിഞ്ഞതിനാൽ ഇയാൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും, എന്നാൽ കഴിഞ്ഞ 10 ദിവസമായി ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

