ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ‘ഏഴരപ്പൊന്നാന’ സംബന്ധിച്ച് ഉയർന്ന പരാതിയിൽ വിശദമായ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറോടാണ് നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ക്ഷേത്രത്തിലെ റജിസ്റ്ററുകൾ അടക്കമുള്ള രേഖകൾ പരിശോധിക്കാനും കോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കിടയിൽ മാറ്റി പകരം ചെമ്പോ മറ്റ് കുറഞ്ഞ മൂല്യമുള്ള ലോഹങ്ങളോ സ്ഥാപിച്ചെന്നാരോപിച്ച് എ.ജി.പ്രസാദ് കുമാർ നൽകിയ പരാതിയിലാണ് ഹൈക്കോടതി സ്വമേധയാ നടപടികൾ സ്വീകരിച്ചത്. ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെയും റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയതിലോ സ്വർണം അപഹരിച്ചതിലോ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു ഈ റിപ്പോർട്ടുകളിലെ ഉള്ളടക്കം.
റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി, കൂടുതൽ വ്യക്തതയ്ക്കായി വിജിലൻസ് പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.
പരിശോധനാ വേളയിൽ വിദഗ്ധനായ ഒരു സ്വർണപ്പണിക്കാരന്റെ സേവനം കൂടി ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

