സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററി ശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഹോണർ. നിലവിൽ 11,000mAh ശേഷിയുള്ള ബാറ്ററി മോഡലുകൾ വിപണിയിൽ എത്തിച്ച കമ്പനി, അതിലും വലിയ 14,000mAh ബാറ്ററിയുള്ള പുതിയ സ്മാർട്ട്ഫോൺ വികസിപ്പിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഈ നീക്കം യാഥാർത്ഥ്യമായാൽ, മുഖ്യധാരാ സ്മാർട്ട്ഫോണുകളിൽ ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയുള്ള ഉപകരണമായി ഇത് മാറും. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിൽ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട
വിവരങ്ങളാണ് ടെക് ലോകത്ത് ചർച്ചയാകുന്നത്. ഔദ്യോഗികമായി കമ്പനിയുടെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഹോണറിനെ സൂചിപ്പിക്കുന്ന ഇമോജികൾ ഉപയോഗിച്ചിട്ടുള്ളതിനാൽ ഈ പുതിയ മോഡൽ ഹോണറിന്റേത് തന്നെയാണെന്നാണ് വിലയിരുത്തൽ.
പുതിയ സ്മാർട്ട്ഫോണിന്റെ ഭാരം ഏകദേശം 220 ഗ്രാം ആയിരിക്കുമെന്നാണ് സൂചന. 203 ഗ്രാം ഭാരമുള്ള ഹോണർ X80 പ്രോ മാക്സുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്രയും വലിയ ബാറ്ററി ശേഷി ഉണ്ടായിട്ടും ഭാരം നിയന്ത്രിക്കാൻ കമ്പനിക്ക് കഴിയുന്നത് ശ്രദ്ധേയമായ നേട്ടമായിരിക്കും.
നിലവിൽ ഈ ഉപകരണം ന്യൂ പ്രൊഡക്റ്റ് ഇൻട്രഡക്ഷൻ (NPI) ഘട്ടത്തിലാണെന്നും, അതിനാൽ വിപണിയിൽ എത്തുന്നതിന് ഇനിയും സമയം എടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ ഫോൺ വിപണിയിൽ എത്തുന്നതോടെ നിലവിലെ 11,000mAh ബാറ്ററിയുള്ള ഹോണർ X80 പ്രോ മാക്സിനെ പിന്തള്ളി പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഇതിന് സാധിക്കും.
സാധാരണ ഉപയോഗത്തിൽ ഒരൊറ്റ ചാർജിൽ മൂന്ന് മുതൽ നാല് ദിവസം വരെ പ്രവർത്തനസമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാർട്ട്ഫോൺ ബാറ്ററി സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്.
നേരത്തെ 5,000mAh മുതൽ 6,000mAh വരെയായിരുന്നു ബാറ്ററി ശേഷി എങ്കിൽ, ഇപ്പോൾ 10,000mAh-ലേക്ക് കമ്പനികൾ ശ്രദ്ധ തിരിക്കുകയാണ്. റിയൽമി P4 പവർ 5G (10,001mAh), ഹോണറിന്റെ വിൻ, വിൻ RT മോഡലുകൾ (10,000mAh) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ഈ സാങ്കേതികവിദ്യ യാഥാർത്ഥ്യമായാൽ അത് സ്മാർട്ട്ഫോൺ രംഗത്തെ നിർണായകമായ ചുവടുവെപ്പായി മാറും. എന്നിരുന്നാലും, ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

