ഗുജറാത്തിലെ രാജ്കോട്ടിൽ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇരുപത്തിമൂന്നുകാരിയായ നന്ദിനി ബൊസാമിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജേത്പൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വ്യക്തിയാണ് മരിച്ച നന്ദിനി.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ഒരു വർഷമായി അസ്ലം ഹുസൈൻ സമ എന്ന വ്യക്തിയോടൊപ്പം ലിവ്-ഇൻ ബന്ധത്തിൽ കഴിയുകയായിരുന്നു നന്ദിനിയെന്ന് പോലീസ് വ്യക്തമാക്കി.
അസ്ലം ജുനാഗഢിലുള്ള ഭാര്യയെ സന്ദർശിക്കാറുണ്ടായിരുന്നെന്നും, ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കങ്ങൾ നടന്നിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രാജ്കോട്ട് സിറ്റി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി ജെ ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “നന്ദിനി മാനസിക വിഷമത്തിലായിരുന്നെന്നും ഇതാകാം കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും പോലീസ് സംശയിക്കുന്നു.” മരണത്തിന് തൊട്ടുമുമ്പ് നന്ദിനി തന്റെ സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുക്കുന്നതെന്നും ആരും ഉത്തരവാദികളല്ലെന്നും വ്യക്തമാക്കിയിരുന്നു. നന്ദിനിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കോൾ റെക്കോർഡുകളും ബന്ധുക്കളുടെ മൊഴികളും വിശദമായി പരിശോധിച്ചുവരികയാണ്. എന്നാൽ, നന്ദിനിയുടെ മൃതദേഹത്തിൽ കാണപ്പെട്ട
പാടുകൾ കൊലപാതക സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സഹോദരി രൂപൽ ബൊസാമിയ ആരോപിച്ചു. നന്ദിനിയുടെ കൈകളിലും കഴുത്തിലും നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായി അവർ ചൂണ്ടിക്കാട്ടി.
സംഭവത്തിന് പിന്നാലെ അസ്ലം ഒളിവിൽ പോയിരിക്കുകയാണെന്നും, ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം ആരോപിക്കുന്നു. 2025-ലെ ജേത്പൂർ-നവാഗഢ് നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും നന്ദിനി പരാജയപ്പെട്ടിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

