മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിൽ വെച്ച് പ്രതിശ്രുതവരനായ കേതൻ അഗർവാളിനെ (26) കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സിയ ഗോയലിന്റെ (20) മാതാപിതാക്കളുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. സ്വന്തം മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് വധശിക്ഷ നൽകണമെന്നാണ് സിയയുടെ മാതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
“അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവളെ തൂക്കിക്കൊല്ലൂ.
ഒരമ്മയാണ് ഇതു പറയുന്നത്.” – അവർ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് സിയയുടെ പിതാവ് പ്രവീൺ ഗോയലും സമാനമായ നിലപാടാണ് സ്വീകരിച്ചത്.
തെറ്റ് ചെയ്തത് ആരായാലും അവർ അർഹമായ ശിക്ഷ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അറസ്റ്റിന് പിന്നാലെ ഹൃദയാഘാതമുണ്ടായ പ്രവീൺ ഗോയൽ നിലവിൽ ചികിത്സയിലാണ്.
വിവാഹ തീരുമാനത്തിൽ സിയയ്ക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ലെന്നും കേതനുമായി വളരെ സന്തോഷത്തോടെയാണ് അവൾ പെരുമാറിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 18-നായിരുന്നു കേതൻ അഗർവാളിനെ കാമുകൻ ചേതൻ ചൗധരിയുടെ സഹായത്തോടെ സിയ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് മുന്നോടിയായി ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവദിവസം രാവിലെ ഒരു കഫേയിൽ വെച്ച് ഇവർ കൂടിക്കാഴ്ച നടത്തിയതാണ് തെളിവുകളിൽ പ്രധാനം.
പിന്നീട് ഇവർ കേതനൊപ്പം ലോഹഗാഡ് കോട്ടയിലെത്തുകയും, തുടർന്ന് ചേതൻ കേതനെ 3,300 അടി ഉയരമുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സിയയും കേതനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.
പ്രമുഖ നിർമാണ വ്യവസായി വിഷാൽ അഗർവാളിന്റെ മകനാണ് കേതൻ. നവംബറിൽ രാജസ്ഥാനിലെ ഉദയ്പുരിൽ വച്ച് നടക്കാനിരുന്ന വിവാഹത്തിനായി 17 കോടി രൂപ ചെലവിൽ കൊട്ടാരം ബുക്ക് ചെയ്യുകയും അതിഥികൾക്കായി സ്വകാര്യ വിമാനങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
കേസിലെ വഴിത്തിരിവായത് ചേതൻ ധരിച്ചിരുന്ന ഹൂഡിയാണ്. 33 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിലും മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡി ധരിച്ച് ഹെഡ്സെറ്റ് വെച്ച് നടന്നുപോയ ഇയാളെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതാണ് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
ഈ അസ്വാഭാവിക പെരുമാറ്റമാണ് പ്രതികളിലേക്ക് എത്തിച്ചേരാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. നിലവിൽ സിയയ്ക്കും ചേതനുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

