നൂറനാട് മേഖലയിൽ അടച്ചിട്ടിരിക്കുന്ന വീടുകൾ ലക്ഷ്യമാക്കി മോഷണം നടത്തിവന്ന പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ താമസിക്കുന്ന ‘ചില്ലു ശ്രീകുമാർ’ എന്ന് വിളിക്കപ്പെടുന്ന ശ്രീകുമാറിനെ (41) ആണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, മോഷണം, സംഘർഷം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നാൽപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറനാടിന് സമീപമുള്ള കൊട്ടയ്ക്കാട്ടശ്ശേരിയിൽ പ്രവാസിയുടെ അടച്ചിട്ട
വീട്ടിൽ മോഷണം നടന്ന കേസിനെത്തുടർന്നാണ് ഇയാളെ വലയിലാക്കിയത്. വീടിന്റെ പൂട്ട് തകർത്ത് ലാപ്ടോപ്പും സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും കവർന്നതായിരുന്നു കേസ്.
കൂടാതെ, പത്തുദിവസം മുൻപ് താമരക്കുളം വേടരപ്ലാവിൽ ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
തുടർന്ന് മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം ശക്തമാക്കിയതായി നൂറനാട് എസ്എച്ച്ഒ ശ്യാം മുരളി അറിയിച്ചു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ മിഥുൻ, പ്രതാപൻ, എസ്സിപിഒ രജീഷ്, സിപിഒമാരായ മനു പ്രസന്നൻ, മനുകുമാർ, സുനിൽകുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

