ബെംഗളൂരുവിലെ പ്രശസ്തമായ മൗണ്ട് കാർമ്മൽ കോളേജിന് ‘ഡീംഡ് ടു ബി യൂണിവേഴ്സിറ്റി’ പദവി ലഭിച്ചു. യുജിസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ നിർണ്ണായക അംഗീകാരം നൽകിയത്.
ജൂൺ 25-ന് ചേർന്ന യോഗത്തിൽ, കാർമ്മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻ്റ്. തെരേസ സുപ്പീരിയർ ജനറലും മൗണ്ട് കാർമ്മൽ എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡൻ്റുമായ സിസ്റ്റർ ജോസ് ലിനറ്റ് ആണ് അംഗീകാരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ചടങ്ങിൽ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോയും പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ ചരിത്രനേട്ടം
സ്ഥാപനത്തിന്റെ എഴുപത്തിയെട്ട് വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അംഗീകാരം.
മാനേജ്മെൻ്റ്, ജീവനക്കാർ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, സമത്വം, സാമൂഹിക ഉന്നമനം എന്നിവ ഉറപ്പാക്കിക്കൊണ്ട് ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പങ്കാളിയാകാനാണ് സർവകലാശാല ഒരുങ്ങുന്നത്.
ഉത്തരവാദിത്തം വലുതെന്ന് സിസ്റ്റർ ജോസ് ലിനറ്റ്
തങ്ങളുടെ സ്ഥാപകയായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ദർശനങ്ങൾ പിന്തുടരുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് സിസ്റ്റർ ജോസ് ലിനറ്റ് വ്യക്തമാക്കി. “അവരുടെ പഠനങ്ങളിൽ അധിഷ്ഠിതമായും സമഗ്രമായ ബഹുവിഷയ വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളൽ, ശാക്തീകരണം എന്നീ തത്വങ്ങളാൽ നയിക്കപ്പെട്ടും വരുംതലമുറകളെ വാർത്തെടുക്കാനും രാജ്യത്തിന്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകാനും ഈ സർവകലാശാല പൂർണമായും സജ്ജമായിട്ടുണ്ടെന്നും സിസ്റ്റർ ജോസ് ലിനറ്റ് കൂട്ടിച്ചേർത്തു.”
സ്ഥാപനത്തിന്റെ വളർച്ചാ വഴികൾ
ബെംഗളൂരുവിലെ വസന്ത് നഗറിലുള്ള 58 പാലസ് റോഡിലാണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.
1944-ൽ തൃശൂർ കേന്ദ്രമായി ആരംഭിച്ച പ്രവർത്തനം, 1948-ൽ ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. 2005-ൽ സ്വയംഭരണ (ഓട്ടോണോമസ്) പദവി ലഭിച്ച കോളേജിന്, 2023-ൽ പത്ത് വർഷത്തേക്കു കൂടി ഈ പദവി പുതുക്കി ലഭിച്ചു.
അഞ്ച് തവണ എൻഎഎസി (NAAC) അംഗീകാരം നേടിയ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണിത്. 2023 മുതൽ കോ-എഡ്യൂക്കേഷൻ സംവിധാനത്തിലേക്ക് മാറിയ കോളേജിൽ നിലവിൽ 54 അണ്ടർ ഗ്രാജ്വേറ്റ്, 18 പോസ്റ്റ് ഗ്രാജ്വേറ്റ്, 11 ഡോക്ടറൽ പ്രോഗ്രാമുകൾ ലഭ്യമാണ്.
രാജ്യത്തെ മികച്ച 20 കോളേജുകളുടെ പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കുന്ന സ്ഥാപനം കൂടിയാണ് മൗണ്ട് കാർമ്മൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

