കുമരകം പരിപ്പ് തൊള്ളായിരംചിറയിലെ കള്ളുഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
ഷാപ്പിൽ നിന്ന് തലക്കറി കഴിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി വ്യക്തമായത്. മണർകാട് സ്വദേശികളായ ജിൻസ് (35), ജിതിൻ (31), ആർപ്പൂക്കര സ്വദേശി അഖിൽ (30), രണ്ട് വടവാതൂർ സ്വദേശികൾ എന്നിവർ കഴിഞ്ഞ ശനിയാഴ്ച ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.
തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട ഇവർ ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങുകയായിരുന്നു.
കുമരകം സ്വദേശി പി.എസ്.ജ്യോതിഷ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെയാണ് സംഭവം ഗൗരവകരമായത്. ഇതിനെത്തുടർന്ന് പോലീസ്, എക്സൈസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുപേർ ബുധനാഴ്ച ആശുപത്രി വിട്ടു. ഷാപ്പിന്റെ പരിസരവാസികളായ മൂന്നുപേർക്ക് വിഷബാധയേറ്റെങ്കിലും കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ ഇവർ ചികിത്സ തേടിയിരുന്നില്ല.
ഇതിനുപുറമെയാണ് ഇന്നലെ അഞ്ചുപേർക്ക് കൂടി വിഷബാധ സ്ഥിരീകരിച്ചത്. അതേസമയം, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു എന്ന കണ്ടെത്തലിനെത്തുടർന്ന് പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ലേഖ, ജോസഫ് എന്നിവരുടെ പേരിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതേ ഉടമകൾ നടത്തുന്ന മറ്റ് ആറ് ഷാപ്പുകളുടെ ലൈസൻസുകളും അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

