തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) തങ്ങൾക്കുള്ള ഓഹരി പങ്കാളിത്തം പൂർണമായി വിറ്റൊഴിയാൻ കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെയും എൽഐസിയുടെയും ഉടമസ്ഥതയിലുള്ള ഐഡിബിഐ ബാങ്കിൽ നിക്ഷേപം നടത്താനും ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കാനും ഫെയർഫാക്സ് സജീവമായി രംഗത്തുള്ളതാണ് ഈ തീരുമാനത്തിന് പിന്നിൽ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിലവിലെ ചട്ടപ്രകാരം ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളിൽ പ്രമോട്ടർ പദവി വഹിക്കാൻ അനുവാദമില്ല. ഈ സാഹചര്യത്തിൽ, ഒന്നുകിൽ രണ്ട് ബാങ്കുകളും തമ്മിൽ ലയിപ്പിക്കുക, അല്ലെങ്കിൽ ഒരു ബാങ്കിലെ ഓഹരികൾ പൂർണ്ണമായും വിറ്റൊഴിയുക എന്നതാണ് ഫെയർഫാക്സിന് മുന്നിലുള്ള പോംവഴി.
93,500 കോടി രൂപ വിപണിമൂല്യമുള്ള ഐഡിബിഐ ബാങ്ക് സിഎസ്ബി ബാങ്കിനെ അപേക്ഷിച്ച് വലിയ സ്ഥാപനമാണ്. അതിനാൽ ലയനത്തേക്കാൾ സിഎസ്ബി ബാങ്കിലുള്ള തങ്ങളുടെ 40% ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിക്കാനാണ് ഫെയർഫാക്സ് ആലോചിക്കുന്നത്.
ഫെയർഫാക്സിന്റെ ഓഹരി പങ്കാളിത്തം:
2018-ൽ സിഎസ്ബി ബാങ്കിന്റെ 51% ഓഹരികൾ സ്വന്തമാക്കിയ ഫെയർഫാക്സ്, പിന്നീട് അത് 40% ആയി കുറച്ചിരുന്നു. 2019-ൽ ബാങ്ക് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വഴി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
ഐഡിബിഐ ബാങ്ക് ഓഹരി വിൽപന:
കേന്ദ്രസർക്കാരും എൽഐസിയും ചേർന്ന് ഐഡിബിഐ ബാങ്കിലെ 60.72% ഓഹരികൾ വിറ്റഴിക്കാൻ വീണ്ടും നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്. ഈ വർഷം തന്നെ വിൽപന പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിലൂടെ 50,000 കോടി രൂപയിൽ കുറയാത്ത തുക സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. മുൻപ് നടന്ന ഓഹരി വിൽപന ശ്രമങ്ങൾ നിക്ഷേപകർ മുന്നോട്ടുവെച്ച കുറഞ്ഞ നിരക്ക് കാരണം തടസ്സപ്പെട്ടിരുന്നു.
ഓഹരി വിപണിയിലെ പ്രതികരണം:
ഫെയർഫാക്സ് പിന്മാറിയേക്കുമെന്ന വാർത്ത പുറത്തുവന്നതോടെ സിഎസ്ബി ബാങ്കിന്റെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. എൻഎസ്ഇയിൽ ഉച്ചയോടെ ഓഹരിവില 5.22% ഇടിഞ്ഞ് 325.80 രൂപയിലെത്തി.
നിലവിൽ 5658 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം. ഈ വർഷം ജനുവരി 5-ന് 574.40 രൂപ എന്ന ഉയർന്ന നിരക്കിലെത്തിയ ഓഹരി, 2026 മാർച്ച് 16-ന് 324.80 രൂപ എന്ന താഴ്ന്ന നിരക്കിലും എത്തിയിരുന്നു.
അതേസമയം, ഐഡിബിഐ ബാങ്ക് ഓഹരികൾ 0.16% താഴ്ന്ന് 86.67 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

