തൃക്കരിപ്പൂർ: അപ്രതീക്ഷിതമായി ലഭിച്ച സ്വർണമോതിരം ഉടമസ്ഥന് തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളി സത്യസന്ധതയുടെ പ്രതീകമായി. ഉദിനൂർ കോരംകുളത്തെ കോൺഗ്രസ് നേതാവും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.വി.ജതീന്ദ്രനാണ് കാൽനൂറ്റാണ്ടു മുൻപ് നഷ്ടപ്പെട്ട
തന്റെ വിവാഹ മോതിരം തിരികെ ലഭിച്ചത്. സംഭവം നടന്നത് ഇങ്ങനെ
കോരംകുളത്തെ ജതീന്ദ്രന്റെ വീട്ടുപറമ്പിൽ തൊഴിലുറപ്പ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളിയായ രമ്യ രഘു മണ്ണിൽ കിടന്ന സ്വർണമോതിരം കണ്ടെത്തിയത്.
മഴയിൽ നിന്ന് രക്ഷതേടി കന്നുകാലി തൊഴുത്തിനരികിലെ നെല്ലിമരച്ചോട്ടിൽ നിൽക്കുമ്പോഴായിരുന്നു മണ്ണിൽ തിളങ്ങുന്ന വസ്തു രമ്യയുടെ ശ്രദ്ധയിൽപ്പെട്ടത്. മണ്ണ് നീക്കി പരിശോധിച്ചപ്പോൾ അതൊരു വിവാഹ മോതിരമാണെന്ന് ബോധ്യപ്പെട്ടു.
തുടർന്ന് രമ്യ ഉടൻ തന്നെ ജതീന്ദ്രനെ വിവരമറിയിക്കുകയും മോതിരം അദ്ദേഹത്തെ ഏൽപ്പിക്കുകയുമായിരുന്നു. 2001-ൽ നഷ്ടപ്പെട്ട
മോതിരം
ഭാര്യയുടെ പേര് കൊത്തിയ 6 ഗ്രാം തൂക്കമുള്ള മോതിരം കണ്ടമാത്രയിൽ തന്നെ ജതീന്ദ്രൻ തിരിച്ചറിഞ്ഞു. 2001-ൽ പശുവിന്റെ പ്രസവസമയത്ത് കുട്ടിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് തനിക്ക് ഈ മോതിരം നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് മുതൽ പലയിടത്തും അന്വേഷിച്ചെങ്കിലും മോതിരം കണ്ടെത്താനായിരുന്നില്ല. രണ്ടര പതിറ്റാണ്ടോളം മണ്ണിൽ പുതഞ്ഞുകിടന്ന മോതിരം ഒടുവിൽ രമ്യയുടെ സത്യസന്ധതയിലൂടെ തിരികെ ജതീന്ദ്രന്റെ കൈകളിലെത്തി.
കെഎസ്ഇബി ജീവനക്കാരനായ രഘുവിന്റെ ഭാര്യയാണ് രമ്യ. സംഭവസ്ഥലത്ത് മേറ്റ് ടി.പ്രസീത, തൊഴിലാളികളായ ടി.നന്ദിനി, എം.നാരായണി, സി.എം.ജാനകി, വിത്തൻ തമ്പായി, ആലയിൽ തമ്പായി, ടി.ശാരദ, വി.വി.സാവിത്രി, വി.വി.കൗസല്യ, എ.പി.ഉഷ, ടി.വി.ഷീമ, ഇ.വി.ശ്രീകല എന്നിവരും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

