വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് തിരിച്ചെത്തും. നിലവിലെ സാഹചര്യത്തിൽ, പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബൾക്ക് എൽപിജി വിതരണം പുനഃസ്ഥാപിക്കാനാണ് സാധ്യത.
ഇതിനൊപ്പം, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) സംവിധാനത്തിലേക്ക് മാറുന്നത് പരിഗണിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം സാധാരണ നിലയിലായതാണ് രാജ്യത്തെ എൽപിജി വിതരണരംഗത്തെ പ്രതിസന്ധി ലഘൂകരിക്കാൻ സഹായകമായത്.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. പെട്രോളിയം വിതരണ കമ്പനികളുടെ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും വിലക്കയറ്റം സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ പുറത്തുവരിക.
വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചത് നേരത്തെ ഹോട്ടൽ ഭക്ഷണ നിരക്കുകളിലും പ്രതിഫലിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

