കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് വീണ്ടും തടഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെ ഈരാറ്റുപേട്ടയിൽ വെച്ചാണ് പരിശോധനയ്ക്കിടെ വാഹനം പിടിച്ചെടുത്തത്.
ബസിന് കൃത്യമായ പെർമിറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ബസ് ഉടമ റോബിൻ ഗിരീഷ് രംഗത്തെത്തി.
തനിക്ക് ഓഗസ്റ്റ് രണ്ട് വരെ പെർമിറ്റ് ഉണ്ടെന്നും, നിയമപരമായി ഓടുന്ന വാഹനത്തിനെതിരെ അനാവശ്യ നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2003 മുതൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ബസ് സർവീസ് നടത്തുന്നതെന്ന് വ്യക്തമാക്കിയ ഉടമ, പെർമിറ്റ് ഇല്ലാത്ത വാഹനമാണെങ്കിൽ ഇത്രയും കാലം സർവീസ് നടത്താൻ സാധിക്കുമോ എന്ന് ചോദിച്ചു.
ജൂൺ പത്താം തീയതി പെർമിറ്റ് അപേക്ഷ പുതുക്കി ലഭിച്ചിരുന്നുവെന്നും ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി വാഹനം പിടിച്ചതെന്നും റോബിൻ ഗിരീഷ് ആരോപിച്ചു. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കോട്ടയം ആർടിഒ ജയരാജ് രംഗത്തെത്തി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെർമിറ്റിനായി ഉടമ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, അതിനുള്ള ഫീസ് ഇതുവരെ അടച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫീസ് അടച്ചാൽ മാത്രമേ പെർമിറ്റ് നൽകാൻ സാധിക്കൂ എന്നും, പെർമിറ്റില്ലാത്ത വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് പൂർണ്ണ അധികാരമുണ്ടെന്നും ആർടിഒ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

