പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ലോകം കരകയറുന്നതിനിടെ, കൂടുതൽ കടുത്തൊരു വെല്ലുവിളി കൂടി ഇന്ത്യയെ തേടിയെത്തുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രൂപംകൊള്ളുന്ന ‘സൂപ്പർ എൽ-നിനോ’ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ടിഎസ് ലൊംബാർഡിന്റെ ചീഫ് ചൈന ഇക്കണോമിസ്റ്റും വാൾ സ്ട്രീറ്റ് സ്ട്രാറ്റജിസ്റ്റുമായ റോറി ഗ്രീൻ ഓയിൽപ്രൈസ്.കോമിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കി. സ്പാനിഷ് ഭാഷയിൽ ‘ചെറിയ കുട്ടി’ എന്നർഥമുള്ള എൽ-നിനോ, അന്തരീക്ഷ താപനില വർധിപ്പിക്കുകയും മഴയുടെ ലഭ്യതയിൽ ക്രമാതീതമായ കുറവ് വരുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലായ മൺസൂണിനെ എൽ-നിനോ നേരിട്ട് ബാധിക്കും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കേണ്ട
മഴയുടെ അളവ് 90 ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇതിനകം പ്രവചിച്ചിട്ടുണ്ട്. ജൂണിലെ ആദ്യ പകുതിയിലെ മഴയിൽ ഉണ്ടായ കുറവ് ഇതിന്റെ മുന്നോടിയായി കണക്കാക്കാം.
കാർഷിക ഉൽപ്പാദനം കുറയുന്നത് ഭക്ഷ്യവില കുതിച്ചുയരുന്നതിനും പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമാകും. ഇതിന്റെ പ്രതിഫലനങ്ങൾ കാർഷിക മേഖലയിൽ ഒതുങ്ങിനിൽക്കില്ലെന്ന് റോറി ഗ്രീൻ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ സമ്പദ്വ്യവസ്ഥ, ഉപഭോക്തൃ വിപണി, ബാങ്കിങ്, ഓഹരി വിപണി, വാഹന വിപണി എന്നിവയെല്ലാം ഈ പ്രതിസന്ധിയുടെ നിഴലിലാകും. നേരത്തെ തന്നെ യുദ്ധസാഹചര്യം മൂലം വളം വില വർധിച്ചത് കാർഷിക മേഖലയെ തളർത്തിയിരുന്നു.
ഇതിനു പിന്നാലെ എത്തുന്ന എൽ-നിനോ ഇരട്ടപ്രഹരമാകും നൽകുക. പലിശ നിരക്കിലെ ആശങ്കകൾ മേയ് മാസത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം 3.9 ശതമാനമായും ഭക്ഷ്യവിലപ്പെരുപ്പം 4.8 ശതമാനമായും ഉയർന്നിരുന്നു.
വരും മാസങ്ങളിൽ ഇത് കൂടുതൽ വർധിക്കാനാണ് സാധ്യത. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലേക്ക് കടന്നാൽ, അത് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് (റീപ്പോനിരക്ക്) വർധിപ്പിക്കാൻ നിർബന്ധിതരാകും.
ഇത് സാധാരണക്കാർ എടുക്കുന്ന ബാങ്ക് വായ്പകളുടെ തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കും. നടപ്പുവർഷത്തെ (2026-27) ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി റിസർവ് ബാങ്ക് നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു.
രാജ്യത്തെ ഏകദേശം 200 ജില്ലകളെ എൽ-നിനോ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് അരി, ഗോതമ്പ് സംഭരണം വർധിപ്പിക്കുക, ജലസംഭരണികൾ കാര്യക്ഷമമാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

