പത്തനംതിട്ട ജില്ലയിലെ നിരത്തുകളിൽ അമിതഭാരം കയറ്റി അമിതവേഗതയിൽ പായുന്ന ടിപ്പർ ലോറികൾ വലിയ സുരക്ഷാ ഭീഷണിയായി മാറുന്നു.
പുലർച്ചെ 4 മണി മുതൽ ആരംഭിക്കുന്ന ഈ വാഹനങ്ങളുടെ യാത്ര, സാധാരണക്കാരായ കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും മറ്റ് വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയുയർത്തുകയാണ്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും, പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെയും വാട്സാപ് ഗ്രൂപ്പുകളിലൂടെയുള്ള വിവരങ്ങൾ പങ്കുവെച്ചും ടിപ്പർ ലോറി ജീവനക്കാർ പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്.
ഗതാഗത സൗകര്യമില്ലാത്ത പാതകൾ മലയോര മേഖലയിലെ ക്വാറികളിൽനിന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കുള്ള പ്രധാന ചരക്കുനീക്ക പാതകളാണ് അടൂർ–ശാസ്താംകോട്ട റോഡ്, ഏഴംകുളം–കടമ്പനാട് മിനി ഹൈവേ, കായംകുളം–പുനലൂർ റോഡ് എന്നിവ.
എന്നാൽ, വലിയ ഭാരവാഹനങ്ങളെ ഉൾക്കൊള്ളാനുള്ള യാതൊരുവിധ സുരക്ഷാ സൗകര്യങ്ങളും ഈ പാതകളിൽ നിലവിലില്ല. തിരക്കേറിയ സ്കൂൾ കവലകളിലൂടെയും ആശുപത്രി പരിസരങ്ങളിലൂടെയും അമിതഭാരവുമായി പായുന്ന ലോറികൾ അപകടങ്ങൾക്ക് സ്ഥിരം കാരണമാകുന്നു.
കായംകുളം പുനലൂർ റോഡിലെ പതിനാലാംമൈൽ, പറക്കോട് എന്നിവിടങ്ങളിൽ ഇത്തരത്തിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. റാന്നി ബ്ലോക്കുപടിക്കടുത്ത് ലോറിയിൽനിന്ന് കല്ലു തെറിച്ചുവീണതും ഗൗരവകരമായ സംഭവമാണ്.
തുടരുന്ന അപകടങ്ങളും സുരക്ഷാ വീഴ്ചകളും കോന്നി, കലഞ്ഞൂർ പഞ്ചായത്തുകളിലെ പാറമടകളിൽനിന്ന് അമിതഭാരം കയറ്റുന്ന ലോറികൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളിൽപെടുന്നത് പതിവാണ്. അതിരുങ്കൽ– പോത്തുപാറ റൂട്ട്, അതിരുങ്കൽ – മുറിഞ്ഞകൽ റൂട്ട്, വാലുപാറ എന്നിവിടങ്ങളിലെല്ലാം അടുത്തിടെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോന്നി – തണ്ണിത്തോട് റോഡിലെ പയ്യനാമൺ പഴയ പോസ്റ്റ് ഓഫിസ് ഭാഗത്ത് ടിപ്പർ ലോറികൾ നിയന്ത്രണംവിട്ട് റബർത്തോട്ടത്തിലേക്ക് മറിഞ്ഞ സംഭവങ്ങൾ നിരവധിയാണ്. കുത്തനെയുള്ള ഇറക്കങ്ങളിൽ അമിതഭാരം കാരണം ബ്രേക്ക് സംവിധാനം തകരാറിലാകുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
കഴിഞ്ഞ മേയ് 24-ന് പുലർച്ചെ 3 മണിയോടെ പറക്കോട് ജംക്ഷനു സമീപം നിയന്ത്രണംവിട്ട ടോറസ് ലോറി വീടിനുള്ളിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പറക്കോട് പീഠികയിലെ മറിയം ബീവി (65) ദാരുണമായി മരണപ്പെട്ടിരുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ സാധിക്കില്ലെന്നത് തിരിച്ചറിഞ്ഞ് മറ്റ് വാഹനങ്ങൾ സുരക്ഷിത അകലം പാലിക്കണം. വലിയ വാഹനങ്ങളുടെ ‘ബ്ലൈൻഡ് സ്പോട്ട്’ അഥവാ ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നത് അതീവ അപകടകരമാണ്.
കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ ടിപ്പർ ലോറികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി പത്തനംതിട്ട ആർടിഒ സി.ശ്യാം അറിയിച്ചു.
രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് മൂന്ന് മുതൽ 4.30 വരെയും ടിപ്പർ ലോറികൾക്ക് കർശന സർവീസ് വിലക്ക് ഉണ്ടാകും. നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ പൂർണമായി മൂടിക്കെട്ടണം.
സ്പീഡ് ഗവേണർ മാറ്റുന്നതും അമിത വേഗതയും അനുവദിക്കില്ല. നിയമലംഘനം നടത്തുന്നവരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും പുറമേ കനത്ത പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

