കൊട്ടാരക്കരയിൽ ഉണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചത് ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയായ അഞ്ജലിയുടെ സമയോചിതമായ ഇടപെടൽ. അപകടസ്ഥലത്തിന് സമീപം താമസിക്കുന്ന നിലേശ്വരം ദിവ്യഭവനിൽ ബി.അഞ്ജലി (22), സഹോദരൻ വൈശാഖ് (12) എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്.
ക്ഷേത്രദർശനത്തിനായി ബസ് കാത്തുനിൽക്കുകയായിരുന്നു അഞ്ജലി. നിയന്ത്രണം വിട്ടു പാഞ്ഞെത്തിയ ടിപ്പർ ലോറി തൊട്ടടുത്ത് നിന്നിരുന്ന കുഞ്ഞുങ്ങളുടെ നേർക്ക് പാഞ്ഞടുക്കുന്നത് കണ്ട
ഉടൻ തന്നെ അഞ്ജലി അവരെ കൈകളിൽ വലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അഞ്ജലിയുടെ സഹോദരനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ വൈശാഖ് ഉടൻ തന്നെ അഗ്നിരക്ഷാസേനയെ ഫോണിൽ വിളിച്ച് അപകടവിവരം അറിയിക്കുകയും സ്ഥലത്തെത്തിക്കുകയും ചെയ്തു.
പന്ത്രണ്ടോളം പേർ അപകടത്തിൽപ്പെട്ടേക്കാവുന്ന സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അപകടത്തിന്റെ ഭീകരത നേരിൽ കണ്ടവരുടെ അവസ്ഥയും ദയനീയമായിരുന്നു.
മുക്കോണിമുക്കിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജയശ്രീ തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ജയശ്രീയുടെ ഉടമസ്ഥതയിലുള്ള ‘ജാൻവി സ്റ്റിച്ചിങ് സെന്റർ’ കെട്ടിടത്തിന്റെ വശവും മതിലും തകർത്ത് ടിപ്പർ ലോറി മറിഞ്ഞുകിടക്കുന്നതാണ് അവർ കണ്ടത്.
അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ആംബുലൻസുകളിലേക്ക് മാറ്റുന്ന കാഴ്ച കണ്ട ജയശ്രീ മാനസികമായി തളരുകയും മുറിക്കുള്ളിലേക്ക് കയറി കതകടയ്ക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

